വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്ദർഭങ്ങളിൽ ഒന്നാണല്ലൊ.
അതിനാൽതന്നെ ആ നിമിഷങ്ങൾ സൂക്ഷിക്കാനായി എടുക്കുന്ന ഫോട്ടോകളും അത്രതന്നെ പ്രിയപ്പെട്ടതായിരിക്കും.
എന്നാൽ ഓസ്ട്രേലിയയിലെ പെർത്തിലുള്ള ജൂലിയ ഒലിവർ എന്ന വധു തന്റെ വിവാഹ ചിത്രം കണ്ട് ഞെട്ടി;
ഫോട്ടോയിൽ തനിക്ക് ഒരു വായ കൂടി!. ടാനിയ വോൾട്ട് എന്ന യുവതിയായിരുന്നു ആ ഫോട്ടോയ്ക്ക് പിന്നിൽ.
പിൻ കാഴ്ചയിൽ പെർത്ത് ബീച്ചും സൂര്യകിരണങ്ങളുമൊക്കെയുള്ള ആ ചിത്രത്തിൽ വധുമാത്രം ഒരു പ്രേതത്തെ പോലെ കാണപ്പെട്ടു.
അതൊരു എഡിറ്റിംഗ് പിശക് മാത്രമാണെന്നും താനത് പരിശോധിക്കാതെ അയച്ചത് തെറ്റായിപ്പോയെന്നും ഫോട്ടോഗ്രാഫറായ ടാനിയ പറഞ്ഞു.
മാത്രമല്ല ഉടൻതന്നെ ചിത്രം ശരിയാക്കി ജൂലിയയ്ക്ക് ടാനിയ ഇ മെയിൽ ചെയ്തു കൊടുക്കുകയും ചെയ്തു.
എന്നാൽ തങ്ങൾ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് തമാശയായിട്ടാണ് സംഭവം എടുത്തതെന്ന് ജൂലിയയും ഭർത്താവ് ബ്രെറ്റ് ഒലിവറും പറഞ്ഞു.
മറ്റെല്ലാ ചിത്രങ്ങളും വളരെ മനോഹരമായിട്ടാണ് ടാനിയ പകർത്തിയതെന്നും ദമ്പതികൾ പറഞ്ഞു.
ഏതായാലും 2018ൽ നടന്ന വിവാഹത്തിന്റെ ഈ ഫോട്ടോ വധുവിന്റെ രണ്ട് വായ നിമിത്തം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്.