പയ്യന്നൂര്‍: സംസ്കൃത സര്‍വകലാശാലാ കലോത്സവത്തില്‍ ഒപ്പനയ്ക്ക് ഒന്നാംസ്ഥാനം നേടിയതിന്റെ സന്തോഷത്തിനിടയിലാണ് ഒപ്പനയ്ക്ക് കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ മരണം തട്ടിയെടുത്ത വാര്‍ത്ത ഞെട്ടലോടെ സഹപാഠികളറിഞ്ഞത്.
ഇതോടെ വെള്ളിയാഴ്ച ഉച്ചയോടെ കാലടിയില്‍ നടന്ന മത്സരത്തിലെ വിജയാഹ്ലാദം മണിക്കൂറുകള്‍ക്കുള്ളില്‍ തേങ്ങലായി മാറി.
കലോത്സവത്തിനായി ചൊവ്വാഴ്ചയാണ് പയ്യന്നൂരില്‍നിന്നുള്ള സംഘം കാലടിയിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന ഒപ്പന മത്സരത്തിൽ പയ്യന്നൂര്‍ സംസ്കൃത സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ അമയകൂടി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു ഒന്നാംസ്ഥാനം. മാർഗംകളിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
മത്സരത്തിനുശേഷം വൈകുന്നേരം നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു അമയയും കൂട്ടുകാരും. ബസിലെ ദീര്‍ഘദൂരയാത്ര ബുദ്ധിമുട്ടായതിനാല്‍ അമയ തെരഞ്ഞെടുത്തത് ട്രെയിന്‍ യാത്രയായിരുന്നു.
ഈ വിവരം സഹപാഠികളെ അറിയിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടയിലാണ് അങ്കമാലി നഗരസഭാ ഓഫീസിന് മുന്നില്‍ അമയയുടെ ജീവന് തട്ടിയെടുത്ത അപകടമുണ്ടായത്.
കാലടിയില്‍ അമയയുള്പ്പെടുന്ന സംഘം ഇടറാത്ത ചുവടുകളോടെ പൊരുതി നേടിയ ഒപ്പനയിലെ വിജയവും തുടര്‍ന്നുള്ള സന്തോഷവും ഇതോടെ തകര്‍ന്നടിയുകയായിരുന്നു.
അമയയുടെ മരണവാർത്ത അറിഞ്ഞതോടെ രാത്രി വൈകിയും നടന്ന മത്സരങ്ങൾ നിർത്തിവച്ചിരുന്നു. കലാരംഗത്ത് മാത്രമല്ല കാമ്പസിലെ മറ്റുപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അമയ.