ഷാജിമോന്‍ ജോസഫ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പേ ഏറെ പറഞ്ഞുകേട്ട എഎപി-ട്വന്റി 20 സഖ്യം ഒടുവില്‍ യാഥാര്‍ഥ്യമായെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ സഖ്യം സ്വീകരിക്കേണ്ട നിലപാട് ഇപ്പോഴും സസ്പെന്സില്തന്നെ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഖ്യം എന്തു നിലപാടാവും കൈക്കൊള്ളുകയെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ഇന്നലെ കിഴക്കമ്പലത്ത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
മാത്രമല്ല, ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു പരാമര്‍ശം പോലും അദേഹം നടത്തിയുമില്ല. ഒരു പക്ഷെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുന്നോട്ടുള്ള ഗതി വിലയിരുത്തി വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഇക്കാര്യത്തില്‍ നിലപാട് എടുക്കാം എന്ന തന്ത്രപരമായ സമീപനത്തിന്റെ ഭാഗമാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മനസാക്ഷി വോട്ടിന് ആഹ്വാനം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇടതു, വലതു മുന്നണികളില്‍ ഇതുസംബന്ധിച്ച് വളരെയധികം ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.
കേജരിവാള്‍ കേരളത്തില്‍ വരുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കുമെന്നായിരുന്നു എഎപി നേതാക്കള്‍ മുമ്പ് പറഞ്ഞിരുന്നത്.
ഏറെ കരുതലോടെയും കണക്കുകൂട്ടലുകളോടെയുമാണ് കേരളത്തില്‍ ട്വന്റി 20യുമായി കേജരിവാള്‍ കൈകോര്‍ക്കുന്നത് എന്നതിന്റെ തെളിവായിരുന്നു ഇന്നലെ കിഴക്കമ്പലത്ത് സഖ്യപ്രഖ്യാപന സമ്മേളനത്തിലെ അദേഹത്തിന്റെ വാക്കുകള്‍.
ഡല്‍ഹിയില്‍ ചെയ്ത കാര്യങ്ങളും അവിടുത്തെ ഭരണനേട്ടങ്ങളും അക്കമിട്ടു നിരത്തിയ അദ്ദേഹം കേരളത്തിലെ വിവാദവിഷയങ്ങളിലേക്ക് കടക്കാതിരിക്കാനും മറ്റു പാര്‍ട്ടികളെ പരാമര്‍ശിക്കാതിരിക്കാനും ശ്രദ്ധിച്ചു.
ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബിനെ പ്രശംസിക്കുന്നതില്‍ യാതൊരു പിശുക്കും കാട്ടിയുമില്ല.ഇടതു, വലതു മുന്നണികളെ മാത്രം അധികാരത്തിലേറ്റുന്ന പാരമ്പര്യമുള്ള കേരളത്തില്‍ കൃത്യമായ കര്‍മപദ്ധതികളുമായാണ് പുതിയ സഖ്യം സാധ്യത തേടുന്നത് എന്നു വ്യക്തമാണ്.
മറ്റു പാര്‍ട്ടികളില്‍നിന്നുള്ള പ്രമുഖരെയും ഉദ്യോഗസ്ഥരേയും പാവപ്പെട്ടവരേയും ചെറിയ കക്ഷികളെയുമൊക്കെ സഖ്യത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ആകര്‍ഷിച്ച് അടുത്ത തദ്ദേശതെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും ജനക്ഷേമസഖ്യത്തെ സജ്ജമാക്കുകയാകും പുതിയ കൂട്ടുകെട്ടിലൂടെ കേജരിവാളും സാബു ജേക്കബും ലക്ഷ്യമിടുക.
എന്തായാലും കേരളത്തിലെ രണ്ടു പ്രബലമുന്നണികള്ക്കും ചെറിയതോതിലെങ്കിലും അസ്വസ്ഥത പകരുന്നതാണ് ഇന്നലെ കിഴക്കമ്പലത്ത് തടിച്ചുകൂടിയ ജനസഞ്ചയം. ട്വന്റി 20 പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ എഎപി പ്രവര്‍ത്തകരായിരുന്നു എന്നതും ശ്രദ്ധേയമായി.