സ്വന്തം ലേഖകൻ
പാലക്കാട്: സൈലന്റ് വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനംവകുപ്പിലെ താൽക്കാലിക വാച്ചർ മുക്കാലി സ്വദേശി രാജനുവേണ്ടിയുള്ള(52) തെരച്ചിൽ നിർത്തിയേക്കും.
ഇതു സംബന്ധിച്ച് നാളെ അന്തിമ തീരുമാനമുണ്ടാകും. വനത്തിൽ മിക്കയിടത്തും തെരച്ചിൽ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായിട്ടില്ല. ഈ മാസം മൂന്നാം തിയതി രാത്രിയാണ് രാജനെ കാണാതായത്.
വനത്തിൽ ഇനി തെരച്ചിൽ നടത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നു. രാജനെ കണ്ടെത്താനായി എഴുപതോളം ക്യാമറകൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
കനത്ത മഴ കൂടിയായതോടെ തെരച്ചിൽ അസാധ്യമായിരിക്കുകയാണ്. മേയ് മൂന്നാം തിയതി രാത്രി എട്ടോടെയാണ് സൈരന്ധ്രി വനം വകുപ്പ് ഷെഡിന് സമീപത്ത് നിന്നും വാച്ചർ രാജനെ കാണാതായത്.
മൃഗങ്ങൾ താമസിക്കാൻ ഇടയുളള ഗുഹകളിൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.സൈരന്ധ്രിയിൽ ജോലിയിലായിരുന്ന രാജൻ മൂന്നാംതിയതി രാത്രി ഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്ത് ഉറങ്ങാൻപോയി.
ബുധനാഴ്ച രാവിലെ സഹപ്രവർത്തകർ നോക്കിയപ്പോൾ രാജനെ കണ്ടില്ല. പുറത്ത് ചെരിപ്പും ടോർച്ചും കുറച്ചുമാറി ഉടുത്തിരുന്ന മുണ്ടും കണ്ടെത്തി.
ഏതെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണത്തിന് രാജൻ ഇരയായിട്ടുണ്ടാകുമോ എന്ന സംശയമുണർന്നിരുന്നുവെങ്കിലും മൃഗങ്ങൾ ആക്രമിച്ചിരുന്നെങ്കിൽ സംഭവസ്ഥലത്ത് ചോരപ്പാടുകളോ മറ്റുള്ള അടയാളങ്ങളോ അവശേഷിക്കുമായിരുന്നുവെന്ന് വനപാലകർ പറയുന്നു.
മാത്രമല്ല വന്യമൃഗങ്ങൾ ആക്രമിച്ചിട്ടുണ്ടെങ്കിൽ 500 മീറ്റർമുതൽ ഒരുകിലോമീറ്റർ ചുറ്റളവിൽ മാത്രമെ ഇരയെ കൊണ്ടുപോകുകയുള്ളൂവെന്ന് അധികൃതർ പറയുന്നു.
ഈ ചുറ്റളവിലെല്ലാം പരിശോധന നടത്തിയെങ്കിലും അവശേഷിപ്പുകളൊന്നും ഈ ദൂരപരിധിക്കുള്ളിൽ കാണാത്തതിനാലാണ് വന്യമൃഗ ആക്രമണസാധ്യത കുറവാണെന്ന് വനപാലകർ പറഞ്ഞത്.
വയനാട്ടിൽ നിന്നെത്തിയ ട്രാക്കേഴ്സ്, പോലീസ്, തണ്ടർബോൾട്ട്, വനംവകുപ്പ്, ഡോഗ് സ്ക്വാഡ് എന്നിവരടക്കമുള്ളവർ ഇക്കഴിഞ്ഞ പത്തുദിവസത്തിലേറെയായി വനത്തിനകത്ത് തെരച്ചിൽ നടത്തിയിരുന്നു. തമിഴ്നാട്ടിലേക്ക് വരെ തെരച്ചിൽ വ്യാപിപ്പിച്ചിരുന്നു.