പാറ്റ്ന: വിവാഹ വേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുകയും പണം അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുകയും ചെയ്ത ബിഹാറിലെ ജനതാദള്‍ എംഎല്‍എയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം.
ഭഗല്പുരില് നിന്നുള്ള എംഎല്‍എ ഗോപാല്‍ മണ്ഡല് എന്നയാള്‍ക്ക് നേരെയാണ് വിമര്‍ശനം. ഫത്തേപൂരില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഒരു പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്തത്.
ഗോപാല്‍ മണ്ഡല്, പെണ്‍കുട്ടിക്ക് അന്തരീക്ഷത്തിലൂടെ ചുംബനം നല്‍കുകയും തന്റെ വസ്ത്രം മുകളിലേക്ക് ഉയര്‍ത്തുകയും കൈവശമുണ്ടായിരുന്ന പണം പെൺകുട്ടിക്ക് നേരെ വലിച്ചെറിയുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്ക് നേരെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. പദവിക്കൊത്ത് പെരുമാറാനും മാന്യത കാത്തുസൂക്ഷിക്കണമെന്നും ജെഡിയു നേതൃത്വം ഗോപാല്‍ മണ്ഡലിനോട് ആവശ്യപ്പെട്ടു.
സംഗീതം കേട്ടപ്പോള്‍ നൃത്തം ചെയ്യാന്‍ അതിയായ മോഹം തോന്നിയെന്നും ഒരു കലാകാരനെ നൃത്തം ചെയ്യുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഗോപാല്‍ മണ്ഡല് പറഞ്ഞു.