പൂച്ചാക്കൽ: പെരുമ്പളം നിവാസികളെ ദുരിതത്തിലാക്കി “ഐശ്വര്യം’ ജങ്കാർ നിലച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. പാണാവള്ളി- പെരുമ്പളം ഫെറിയിൽ സർവീസ് നടത്തിയിരുന്ന ഐശ്വര്യം ജങ്കാർ തകരാറിലായതിനെ തുടർന്നാണ് സർവീസ് നിർത്തിയത്.
ഒരാഴ്ചകൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കി ജങ്കാർ സർവീസ് നടത്തുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്.എന്നാൽ, ഇതുവരെ ജങ്കാർ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ടില്ല.
ജങ്കാർ പൂത്തോട്ട ഫെറിയിൽ കെട്ടിയിട്ടിരിക്കുകയാണ്.പാണാവള്ളി പെരുമ്പളം ജങ്കാർ സർവീസ് പണിമുടക്കുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു.
പെരുമ്പളത്ത് നിർമാണ മേഖലയിലേക്കുള്ള സാധനങ്ങൾ എത്തിയിരുന്നത് പൂത്തോട്ട- വാത്തിക്കാട് ജങ്കാർ വഴിയായിരുന്നു.
എന്നാൽ ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ നിർമാണ മേഖലയിലേക്കാവശ്യമായ വസ്തുക്കൾ എത്തിക്കാനാവാത്ത അവസ്ഥയാണ്.
നിലവിൽ ജങ്കാറിന്റെ ഫിറ്റ്നസ് സമയവും കഴിഞ്ഞിരിക്കുകയാണ്. രണ്ടു ജങ്കാർ സർവീസുകൾ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണിപ്പോൾ പഞ്ചായത്തിനുണ്ടാക്കിയിരിക്കുന്നത്.
പഞ്ചായത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്ന അവസ്ഥയുണ്ട്. ദ്വീപ് നിവാസികൾക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്ന ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്നാണ് ദ്വീപ് നിവാസികളുടെ ആവശ്യം.