കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു.
കേസിന്റെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. ഇയാള്‍ക്കെതിരേ തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസില്‍ വിഐപിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ശരത് തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇന്നലെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ സൂര്യ ഹോട്ടല്‍- ട്രാവല്‍സ് ഉടമയുമാണ് ശരത്.
സംവിധായകന് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരേ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരേ അന്വേഷണം ആരംഭിച്ചത്.
കേസെടുത്തതിന് പിന്നാലെ ഊട്ടിയിലേക്ക് പോയ ശരത് മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ 2018 നവംബര്‍ 15ന് ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം.
ആദ്യഘട്ടത്തില്‍ ശരത് ആരാണെന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല.
ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന് കൈമാറിയ ആറാമന്‍ വിഐപിയാണെന്നും ഇയാളെ കണ്ടാല്‍ മാത്രമേ തിരിച്ചറിയാനാകുവെന്നും ബാലചന്ദ്രകുമാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് ശരത്താണെന്ന് വ്യക്തമായത്.