തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്തേക്കും. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴയ്ക്ക് കാരണം.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ടാണ്.
കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
മണ്ണിടിച്ചില്‍-വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.
അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂം തുറന്നു. 1077 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടാം.
എല്ലാ ജില്ലകളിലും കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.