നിലന്പൂർ: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
നിലന്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ (31), കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), കൂത്രാടൻ മുഹമ്മദ് അജ്മൽ (30), വണ്ടൂർ പഴയ വാണിയന്പലം ചീര ഷഫീക്ക് (28) എന്നിവരെ കണ്ടെത്താനാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ക്രൂരതയ്ക്കു സഹായികൾ!
ഷാബാ ഷെരീഫിനെ മാസങ്ങൾ തടങ്കലിൽ പാർപ്പിച്ച് മർദിച്ചു കൊന്നു വെട്ടിനുറുക്കി പുഴയിൽ ഒഴുക്കിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ എല്ലാ ക്രൂരകൃത്യങ്ങൾക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് ഒളിവിലായ പ്രതികൾ.
കേസിൽ മൊത്തം ഒന്പതു പ്രതികളാണുള്ളത്. മുഖ്യപ്രതി നിലന്പൂർ മുക്കട്ട ഷൈബിൻ അഷ്റഫ്(37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദീൻ (36), ഡ്രൈവർ നിലന്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ്(32), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്(41) എന്നിവരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ബാക്കി അഞ്ച് പ്രതികളൈ കണ്ടെത്താനാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
മുങ്ങിയതു പാസ്പോർട്ടുമായി
ഒളിവിൽ പോയ പ്രതികൾക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് നോട്ടീസ് പുറത്തിറക്കിയത്. അതേ സമയം ഒളിവിലുള്ള പ്രതികൾ വിദേശത്തേക്കു കടന്നതായി സൂചനയുണ്ട്.
പ്രതികൾ മുങ്ങിയത് പാസ്പോർട്ടുമായാണ്. പാസ്പോർട്ട് കൈവശമുള്ളതിനാൽ വിസിറ്റിംഗ് വിസയിൽ വിദേശത്തേക്ക് പോകാൻ പ്രയാസമില്ല.
മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് വ്യവസായ ശൃംഖലയുള്ള അബൂദാബിയിൽ ഇവർക്ക് കാര്യമായ ബന്ധങ്ങളുണ്ട്.
അഞ്ചുപേരും നേരത്തെ അബൂദാബിയിലെ ഷൈബിന്റെ കന്പനിയിൽ ജോലി ചെയ്തവരാണ്. കേസുള്ളതിനാൽ ഷൈബിന് മാത്രമാണ് അബൂദാബിയിൽ വിലക്കുള്ളത്.
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഷൈബിൻ അഷ്റഫ് പിടിയിലായതോടെ സംസ്ഥാനത്തിനു പുറത്തെ വിമാനത്താവളങ്ങൾ വഴി പ്രതികൾക്കു വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ട്.
ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരും വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണ് ഒളിവിൽ കഴിയുന്നത്. ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ ഇവർക്കു പങ്കുള്ളതായി പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
ഒളിവിലുള്ള പ്രതികളിൽ ഷൈബിൻ അഷ്റഫിന്റെ അടുത്ത ബന്ധുവും വിശ്വസ്തനുമായ കൈപ്പഞ്ചേരി ഫാസിലിന്റെ നിലന്പൂർ ഇയ്യംമടയിലെ വീട്ടിലും കുന്നേക്കാടൻ ഷമീമിന്റെ നിലന്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിലും പോലീസ് പരിശോധന നടത്തിരുന്നു.