ചെറുതോണി: ജില്ലയിലെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ ലഹരിമാഫിയ സംഘം തന്പടിച്ചു കുട്ടികളെ വീഴ്ത്തുന്നതായി പരാതി.
ജില്ലാ ആസ്ഥാനത്തു പൈനാവ് എൻജിനിയറിംഗ് കോളജിനു സമീപവും ഇതര വിദ്യാലയങ്ങളുടെ പരിസരത്തും വൻതോതിൽ കഞ്ചാവും ലഹരിയുത്പന്നങ്ങളും വിറ്റഴിക്കുന്നതായിട്ടാണ് വ്യാപക പരാതി.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുമാത്രം വില്പന നടത്തുന്ന സംഘങ്ങളാണ് രംഗത്തുള്ളത്.
അറസ്റ്റിലായവർ പറഞ്ഞത്
പോലീസിനു കിട്ടിയ രഹസ്യവിവരത്തെത്തുടർന്നു രണ്ടാഴ്ച മുൻപ് നാലു വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യംചെയ്തതിൽനിന്നു ലഹരിക്കച്ചവടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
തുടർന്ന് ഈ നാലു വിദ്യാർഥികളെയും അനിശ്ചിത കാലത്തേക്കു കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
വല്ലപ്പോഴും നടത്തുന്ന പരിശോധനകൾക്കൊണ്ട് ലഹരിസംഘത്തെ തടയാനാവില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർഥി ഏജന്റുമാർ
വ്യാജമദ്യം മുതൽ കഞ്ചാവുവരെ സുലഭമായി വിദ്യാർഥികളടക്കമുള്ളവർക്കു ലഭിക്കുന്നുണ്ട്.
ലഹരി വസ്തുക്കൾ ആവശ്യക്കാർക്കു സ്ഥലത്തെത്തിച്ചു നൽകാൻ ചില വിദ്യാർഥികൾത്തന്നെ ഏജന്റുമാരായും പ്രവർത്തിക്കുന്നു.
വില്പനക്കാരുടെ ഫോൺ നന്പരുകളും വിദ്യാർഥികൾക്കിടയിൽ സുപരിചിതമാണ്. ഫോണിൽ ബന്ധപ്പെട്ടാൽ ലഹരിവസ്തുക്കൾ ആവശ്യപ്പെടുന്ന സമയത്തു സ്ഥലത്തെത്തിച്ചു നൽകും.
കോളജിലെ ചില വിദ്യാർഥികൾ കഞ്ചാവിന് അടിമകളാണെന്നു സഹവിദ്യാർഥികൾ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നും ഇവിടെയെത്തി താമസിച്ചു പഠിക്കുന്നവരാണ് മിക്കവരും. മദ്യത്തിനടിമകളായ കുട്ടികളും കുറവല്ല.
കഞ്ഞിക്കുഴി, തള്ളക്കാനം, ചേലച്ചുവട് തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂളിന്റെ സമീപ പ്രദേശങ്ങളിലും അടുത്ത കാലത്തായി ലഹരിവസ്തുക്കളുടെ വില്പന പെരുകിയിട്ടുണ്ട്.
ചേലച്ചുവട് കട്ടിംഗിൽ ടൂറിസ്റ്റുകളെന്ന വ്യാജേന കല്ലുമ്മേക്കല്ലിന്റെ ചുവട്ടിലെത്തി കഞ്ചാവു കൈമാറ്റവും ഉപയോഗവും നടത്തുന്നതായും നാട്ടുകാർ പറയുന്നു.
തമിഴ്നാട്ടിലെ കന്പത്തുനിന്നാണ് ഇവിടെ കഞ്ചാവ് എത്തുന്നത്.