അടിമാലി: പത്തുമാസംകൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിലായി.
പൊളിഞ്ഞപാലം പുറപ്പാറയിൽ സരിത എൽദോസ് (29), കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമളകുമാരി പുഷ്കരൻ (സുജ – 55), ജയകുമാർ (42), വിമൽ പുഷ്കരൻ (29) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
അടിമാലി, ഇരുന്നൂറേക്കർ മേഖലയിൽ അഞ്ചുപേരിൽനിന്നാണ് സംഘം 20 ലക്ഷം തട്ടിയത്.
ഓണ്‍ ലൈൻ ആപ് വഴിയാണ് നിക്ഷേപം നടത്തിയിരുന്നത്. തുടക്കത്തിൽ പണം നിക്ഷേപിച്ചവർക്ക് പത്തര മാസംകൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകി നിക്ഷേപകരുടെ വിശ്വാസ്യത ഉറപ്പാക്കിയശേഷമാണ് സംഘം തട്ടിപ്പ് നടത്തിയത്.
അടിമാലിയിൽ ഓട്ടോ ഡ്രൈവർ കൂടിയായ സരിതയാണ് തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ് പറഞ്ഞു.
ഇവരാണ് അടിമാലി മേഖലയിൽനിന്നും പണം വാങ്ങി സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറിയത്.
സംഘത്തിലെ മറ്റു മൂന്നംഗങ്ങൾ ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. ജയകുമാർ സമാന സ്വഭാവമുള്ള മറ്റു തട്ടിപ്പിലും പ്രതിയാണത്രേ.
ആഡംബര വീട്, കാർ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ആർഭാട ജീവിതമാണ് ഇവരുടേത്.
പണം നിക്ഷേപിച്ചവർ വഞ്ചിതരായതോടെ രണ്ടുമാസം മുൻപ് അടിമാലി പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
അടുത്ത നാളിൽ ഇടുക്കി സബ് ഡിവിഷനിൽ എഎസ്പിയായി നിയമിതനായ രാജ് പ്രസാദിന്റെ നിർദേശത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്ഐമാരായ അബ്ദുൽ ഖനി, ടി.പി. ജൂഡി, ടി.എം. നൗഷാദ്, എഎസ്ഐ ടി.എം. അബ്ബാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.