കോട്ടയം: മദ്യക്കുപ്പിയിൽ കടുംചായ; ബീവറേജ് ഒൗട്ട്ലെറ്റിനുമുന്പിൽ കൂട്ടയടി. കോട്ടയം കെഎസ്്ആർടിസിക്കു സമീപമുള്ള ബീവറേജസ് കോർപറേഷന്റെ ഒൗട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആളിനാണ് കട്ടൻചായ കുപ്പിയിൽ കിട്ടിയത്.
ഇവിടെ മദ്യം വാങ്ങാനായി ഇടനിലക്കാർ വ്യാപകമാണ്. 30 രൂപ മുതൽ 50 രൂപ വരെ അധികം നൽകിയാണ് ഇടനിലക്കാർ മദ്യം വാങ്ങി നൽകുന്നത്.
ഇന്നലെ ഇവിടെ മദ്യം വാങ്ങാനെത്തിയ ആൾ നീണ്ട ക്യൂ കണ്ടതോടെ ഇടനിലക്കാരെ സമീപിച്ചു. അധിക തുകയും നൽകി. അരലിറ്റർ മദ്യമാണ് ആവശ്യപ്പെട്ടത്.
ഇടനിലക്കാർ മദ്യം വാങ്ങി ആൾക്ക് നൽകിയപ്പോൾ കുപ്പി പൊട്ടി മദ്യം കൈയിലേക്ക് വന്നു. മണത്തും രുചിച്ചു നോക്കിയപ്പോൾ കുപ്പിക്കുള്ളിൽ കട്ടൻചായയാണെന്നു മനസിലായി. ഇതോടെയാണ് അടി തുടങ്ങിയത്.
അടി മൂത്ത് മെയിൻ റോഡിലേക്ക് നീങ്ങിയപ്പോൾ പോലീസിനു ഇടപെടേണ്ടി വന്നു. ഈ ഒൗട്ട്ലെറ്റിൽ മദ്യം വാങ്ങി നൽകുന്ന ഇടനിലക്കാരുടെ ശല്യം അടുത്ത നാളിൽ വർധിച്ചിരിക്കുകയാണ്.
ഇവരാണ് മദ്യക്കുപ്പിയിൽ കടുംചായ നിറച്ച് ആളുകളെ പറ്റിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരും ഇടനിലക്കാരും തമ്മിൽ ഇവിടെ വാക്കുതർക്കവും അസഭ്യം പറച്ചിലും പതിവാണ്.