സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജീവ് ഗാന്ധി കൊലക്കേസ് പ്രതി പേരറിവാളന് ജയിൽ മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 31 വർഷത്തിനു ശേഷമാണ് മോചനം.
ആദ്യം വധശിക്ഷ വിധിച്ച പേരറിവാളിന് പിന്നീട് ശിക്ഷയിൽ ഇളവ് ലഭിച്ചിരുന്നു. വധഗൂഢാലോചനയെക്കുറിച്ച് പേരറിവാളന് അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നത്.
തന്റെ മോചനത്തിൽ സർക്കർ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളൻ സുപ്രീംകോടതിയെ സമീപിച്ചത്.
വർഷങ്ങൾ കഴിഞ്ഞിട്ടും തമിഴ്നാട് സർക്കാറിന്റെ ശുപാർശയിൽ ഗവർണർ തീരുമാനമെടുക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു.
ഗവർണർ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ ജസ്റ്റിസ് എൽ.നാഗേഷ്വർ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു.
ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇരുപത് വയസ് തികയും മുന്പേ അറസ്റ്റിലായ പേരറിവാളൻ
1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. 1991 ജൂണ് 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുന്പോൾ അദ്ദേഹത്തിന് 20 വയസ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുകയായിരുന്നു.
ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നതാണ്. അറസ്റ്റിലാകുന്ന സമയത്ത് പേരറിവാളൻ എന്ന പത്തൊന്പതുകാരൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയിരുന്നു.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംന്പത്തൂരിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേൽ ചുമത്തിയ കുറ്റം.
അറസ്റ്റിന് പുറകെ പലരും പേരറിവാളിൻറെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, കൊലപ്പെട്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതിനാൽ കേസ് ഏറെ ചർച്ച ചെയ്യപ്പെട്ടു.
ആദ്യ പരോൾ 26 വർഷത്തിന് ശേഷം
26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പേരറിവാളൻ അവസാനമായി പരോളിൽ ഇറങ്ങിയത്. ജയിൽ മോചനത്തിനായി ഗവർണർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു പേരറിവാളൻ ഇപ്പോൾ.