മണ്ണാർക്കാട് : അട്ടപ്പാടിയിൽ ഫോറസ്റ്റ് വാച്ചർ രാജനു വേണ്ടിയുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് നീട്ടി. രാജനു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയതായും ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
തമിഴ്നാട് ബസ് സ്റ്റാന്റുകളിലും ബസുകളിലും നോട്ടീസ് പതിച്ചതായി അഗളി ഡിവൈഎസ്പി എൻ. മുരളീധരൻ പറഞ്ഞു.
തമിഴ്നാട് ക്യൂ ബ്രാഞ്ചുമായി ബന്ധപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് അതിർത്തികളായ കരമട, മഞ്ചിയൂർ ഭാഗങ്ങളിലുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. പഴുതടച്ച അന്വേഷണമാണ് രാജനുവേണ്ടി നടത്തുത്.
രാജന്റെ തിരോധാനത്തിന് കാരണം മാവോയിസ്റ്റാണെന്ന പ്രചരണത്തിൽ കഴന്പില്ല.അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ ഒന്നര വർഷമായി മാവോയിസ്റ്റിന്റെ സാന്നിധ്യം ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞു.
സൈലന്റ് വാലി സൈരന്ധ്രിയിൽ ഫോറസ്റ്റ് വാച്ചർ രാജനെ കാണാതായി 16 ദിവസം കഴിഞ്ഞിട്ടും കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയാത്തതിൽ വനപാലകരും ആശങ്കയിലാണ്.
മേയ് മൂന്നിനു രാവിലെയാണ് സൈരന്ധ്രി ക്യാന്പ് ഷെഡിൽ നിന്ന് കാണാതായത്.രാജന്റെ മുണ്ടും ചെരിപ്പും സ്ഥലത്ത് നിന്ന് കിട്ടുകയും പുല്ല് പിടിച്ച് പറിച്ച നിലയിൽ കണ്ടിരുന്നു.
വനപാലക സംഘം ദിവസവും സൈലന്റ് വാലിയിൽ വിവിധ സംഘങ്ങളായി തെരച്ചിൽ നടത്തിവരുന്നുണ്ട്.കാടിനകത്ത് പ്രത്യേക പരിശീലനം ലഭിച്ച വനപാലകർ പട്രോളിംഗ് നടത്തിയിരുന്നു.
ഇവരെല്ലാം വന്യമൃഗ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. ശക്തമായ മഴയും കോടയും തിരച്ചിലിന് തടസമുണ്ടാക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
രാജന് ലഭിക്കേണ്ട രണ്ടു മാസത്തെ വേദന കുടിശിക കുടുംബത്തിന്റെ സമ്മതപത്രം ലഭിക്കുന്ന മുറയ്ക്ക് നല്കും.രാജന്റെ മകളുടെ കല്യാണത്തിന് മുന്നോടിയായി സൈലന്റ് വാലി ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജൻസി 25,000 രൂപ ധനസഹായം നല്കുമെന്നും വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.