മറയൂർ: കേരളമെങ്ങും പെരുമഴ പെയ്തിറങ്ങുന്പോൾ ഇതൊന്നുമറിയാതെ കൊടും വെയിലിൽ പൊരിയുകയാണ് മറയൂർ.
അതിർത്തി ഗ്രാമമായ ഇവിടെ ഇപ്പോഴും ചാറ്റൽമഴ പോലുമില്ല. കേരളത്തിലെ ഏക മഴനിഴൽ പ്രദേശമാണ് മറയൂർ. മൂന്നാറിൽനിന്നു 40 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.
സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിൽ മലകളാൽ ചുറ്റപ്പെട്ട മഴനിഴൽ പ്രദേശമായ ഇവിടെ മിതോഷ്ണ കാലാവസ്ഥയാണ്.
കേരളമെങ്ങും പെരുമഴ പെയ്തിറങ്ങുന്നതു മാധ്യമങ്ങളിലൂടെ മാത്രമാണ് മറയൂരുകാർ അറിയുന്നത്. മറയൂരിൽ മഴയില്ലാത്തതിനാൽ സഞ്ചാരികളും ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്.