തൊടുപുഴ: അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡ് നടത്തിയ നടൻ ജോജു ജോർജ് ആർടിഒ ഓഫീസിൽ ഹാജരാകാത്തതിനെ തുടർന്ന് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു.
മോട്ടോർവാഹന നിയമം ലംഘിച്ചതിന്റെ പേരിൽ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ നേരിട്ട് ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ആർ.രമണൻ ജോജു ജോർജിന് നോട്ടീസ് നൽകിയിരുന്നു.
ഈ ആഴ്ച ഹാജരായില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു പോകും.
ആദ്യ പടിയായി ജോജു ജോർജിന് ഷോക്കോസ് നോട്ടീസ് നൽകും. ജോജു ജോർജിനോടൊപ്പം ഇന്നലെ ഹാജരാകാമെന്ന് ഓഫ് റോഡ് റൈഡിനുണ്ടായിരുന്ന നടൻ ബിനു പപ്പൻ അറിയിച്ചിരുന്നു.
എന്നാൽ ഇന്നലെ ഇവർ ഹാജരായില്ല. ഇന്നോ നാളെയോ ഇടുക്കി ആർടിഒ ഓഫീസിൽ എത്തി വിശദീകരണം നൽകാനും സാധ്യതുയുണ്ട്.
മാധ്യമങ്ങളുടെ മുന്നിലെത്താതെ ആർടിഒ ഓഫീസിൽ ഹാജരായി വിശദീകരണം നൽകാനാണ് നടന്റെ നീക്കമെന്നാണ് വിവരം.
വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഒട്ടേറെ വാഹനങ്ങൾ പങ്കെടുത്ത ഓഫ് റോഡ് റൈഡ് ഏതാനും ദിവസം മുന്‍പ് സംഘടിപ്പിച്ചത്.
പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കഐസ്യു ഇടുക്കി ജില്ല പ്രസിഡന്റ് ടോണി തോമസാണ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയത്.
തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ മോട്ടോർ വാഹന വകുപ്പ് നടന് നോട്ടീസ് അയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ അനുമതി തേടാതെ പരിപാടി സംഘടിപ്പിച്ച സംഘാടകർക്കും നോട്ടീസ് നൽകി.
സംഭവത്തിൽ വാഗമണ്‍ പോലീസും സംഘാടകർക്കെതിരെ കേസെടുത്തിരുന്നു. ഇവർ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെത്തി ജാമ്യം എടുത്തിരുന്നു.
ഇടുക്കിയിൽ ഓഫ് റോഡ് റൈഡുകൾ ജില്ലാ കളക്ടർ കർശനമായി നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലും ജോജു ജോർജിനെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.