തൃശൂർ: ബാലനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്കു വിവിധ വകുപ്പുകളിലായി ജീവപര്യന്തം തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തൃശൂർ വെങ്ങാനെല്ലൂർ സ്വദേശി പുല്ലോറ്റുപറമ്പിൽ ചന്ദ്രനെയാണു ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി നിരവധി വർഷം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും പ്രധാന ശിക്ഷ ജീവപര്യന്തമായതിനാൽ ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി.
പിഴയടച്ചില്ലെങ്കിൽ 20 മാസം കൂടി ജയിൽശിക്ഷ അനുഭവിക്കണം. പിഴയടച്ചാൽ ആ തുക അക്രമത്തിനിരയായ ബാലനു നല്കണമെന്നും വിധിന്യായത്തിൽ നിർദേശിച്ചു.
പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി.
ചേലക്കര പോലീസിനു വേണ്ടി ഇൻസ്പെക്ടർ സി. വിജയകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിപിഒമാരായ പി.ആർ. ഗീത, ഷാഹുൽ ഹമീദ് എന്നിവർ പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു.