വടക്കാഞ്ചേരി: വീടിനു സമീപത്തെ ഹോട്ടലിൽ നിന്നും കക്കൂസ് മാലിന്യം കുടിവെള്ളത്തിൽ കലർന്ന് വെള്ളം ഉപയോഗശൂന്യമായതായി ആരോപിച്ച് നീതിക്കായി പോരാട്ടം.
നഗരസഭ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി വയോധികൻ. തനിക്കനുകൂലമായ ജില്ലാ കളക്ടറുടെ കത്തിന്റെ പകർപ്പുമായി നഗരസഭ കാര്യാലയത്തിലെത്തിയപ്പോൾ സെക്രട്ടറി കെ.കെ. മനോജ് തന്നെ അധിക്ഷേപിച്ച് ഇറക്കി വിട്ടതായി ആരോപിച്ച് ഓട്ടുപാറ സ്വദേശി കുണ്ടുപറന്പിൽ വീട്ടിൽ യൂസഫാ(76)ണ് രംഗത്തെത്തിയിട്ടുള്ളത്.
വീട്ടുകിണറ്റിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ നിന്നും മാലിന്യം കിണറ്റിൽ കലരുന്നതായി ചൂണ്ടിക്കാട്ടി യൂസഫ് നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം അധികൃതർക്ക് പരാതി നൽകിയിരുന്നു.
എന്നാൽ മാസം രണ്ട് പിന്നിട്ടിട്ടും നടപടി എടുക്കാൻ അധികൃതർ തയാറായില്ല. വിശുദ്ധ റമദാൻ മാസത്തിൽ പോലും ഒരു തുള്ളി ശുദ്ധജലത്തിനായി കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നുവെന്നും കണ്ണീരോടെ വയോധികൻ പറയുന്നു.
ദുരിതം തുടർന്നതോടെ കളക്ടറെ നേരിൽക്കണ്ട് പരാതിപ്പെട്ടു. രണ്ടാഴ്ചയ്ക്കകം വിഷയത്തിൽ ഇടപെടാൻ കളക്ടറുടെ ഓഫിസിൽ നിന്നും നഗരസഭ സെക്രട്ടറിക്ക് കത്തിലൂടെ നിർദേശം നൽകിയിരുന്നതായും യൂസഫ് അറിയിച്ചു.
എന്നിട്ടും നടപടിയില്ലാത്തതിനെത്തുടർന്നാണ് കളക്ടറുടെ കത്തിന്റെ പകർപ്പുമായി നഗരസഭ കാര്യാലയത്തിലെത്തി സെക്രട്ടറിയെ സമീപിച്ചത്.
എന്നാൽ ആളുകൾ നോക്കിനിൽക്കെ മുതിർന്ന പൗരനെന്ന പരിഗണനപോലും തരാതെ തന്നെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നിലപാടാണ് സെക്രട്ടറി സ്വീകരിച്ചതെന്നും യൂസഫ് ആരോപിച്ചു.
പരാതി ചൂണ്ടിക്കാട്ടി കളക്ടറേറ്റിലെത്തിയപ്പൊൾ കളക്ടർ വരെ തന്നോട് വളരെ സഹാനുഭൂതി പ്രകടിപ്പിച്ചാണ് വിഷയത്തിൽ ഇടപെട്ടത്.
എന്നാൽ പൊതു ഇടത്തിൽ വച്ച് അപമാനിക്കപെട്ടത് ഏറെ സങ്കടമുളവാക്കുന്നതാണ്. 76 വയസിനുള്ളിൽ തന്നെ ഇത്രയധികം വിഷമിപ്പിച്ച മറ്റൊരു സംഭവം വേറെ ഉണ്ടായിട്ടില്ല .
മുൻപും ഈ ഉദ്യോഗസ്ഥൻ സമാനവിഷയത്തിൽ തന്നെ അവഹേളിച്ചതായും വയോധികൻ ആരോപിച്ചു. ജില്ല കളക്ടർ ഇടപെട്ടിട്ടു പോലും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ അവഗണന മൂലം സാധാരണക്കാർക്കാർ സ്വൈരജീവിതം നയിക്കാനാകുന്നില്ലെന്നും യൂസഫ് കുറ്റപ്പെടുത്തി.
മഴ പെയ്താൽ കിണറ്റിൽ മാലിന്യത്തിന്റെ അളവു കൂടും. മൂക്ക് പൊത്തിയല്ലാതെ വീട്ടിലിരിക്കാനാവാത്ത അവസ്ഥ. കിണറിന്റെ അവസ്ഥ കാരണം ബന്ധുക്കളും സുഹൃത്തുക്കളും പോലും വീട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. ആത്മഹത്യയല്ലാതെ തന്റെ മുന്നിൽ ഇനി മറ്റൊരു പോംവഴിയുമില്ലെന്നും വയോധികൻ നൊന്പരത്തോടെ പറയുന്നു.
റീസർവേയിലൂടെ നഷ്ടപ്പെട്ട മൂന്ന് സെന്റ് ഭൂമിയും, വീടും തിരിച്ചുപിടിക്കാനുള്ള വലിയ നിയമപോരാട്ടം നടത്തുന്ന വയോധികൻ മുൻപും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
വർഷങ്ങൾക്ക് മുന്പ് നടന്ന റീസർവേയുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമനടപടികൾ മൂലം വർഷങ്ങളായി തന്റെ വീടും സ്ഥലവും ക്രയവിക്രയം ചെയ്യാനോ നികുതി അടയ്ക്കുന്നതിനോ കഴിയുന്നില്ലെന്നും യൂസഫ് പറയുന്നു.
അതിനിടെയാണ് കുടിവെള്ളവും ഇല്ലാതെ ദുരിതം ഇരട്ടിയാകുന്നത്.ഒരു തുള്ളി ദാഹജലം തങ്ങളുടെ സ്വന്തം കിണറ്റിൽ നിന്ന് കുടിക്കാൻ കഴിയാത്തതിന്റെ വേദനയിലാണ് ഇദ്ദേഹവും കുടുംബവും.
എന്നാൽ അയൽവാസിയും യൂസഫും തമ്മിലുള്ള പ്രശ്നം അനാവശ്യമായി നഗരസഭ സെക്രട്ടറിയുടെ തലയിൽ വച്ചുകെട്ടുകയാണ് യൂസഫ് ചെയ്യുന്നതെന്നും സംഭവുമായി ബന്ധപ്പെട്ട് കളക്ടർക്ക് മറുപടി നൽകിയതായും നഗരസഭ സെക്രട്ടറി കെ.കെ. മനോജ് പറഞ്ഞു.