സ്വന്തം ലേഖകന്‍
കോഴിക്കോട്: മഴക്കാലത്ത് അമിത വേഗത്തില്‍ കുതിക്കാന്‍ വരട്ടെ… പൂട്ടാൻ മേട്ടോര്‍ വാഹന വകുപ്പ് റെഡി.മഴക്കാലത്ത് അപകടസാധ്യത ഏറെ ആയതിനാല്‍ കര്‍ശന പരിശോധനയ്ക്കാണ് പോലീസും മേട്ടോര്‍ വാഹന വകുപ്പും ഇറങ്ങിയിരിക്കുന്നത്.
നിരത്തിലിറങ്ങുന്ന ബസുകളില്‍ ഏറെയും തേയ്മാനം സംഭവിച്ച ടയറുകളാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. റോഡ് നനഞ്ഞിരിക്കുന്ന സമയങ്ങളില്‍ ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ബസുകളില്‍ ടയറിന്റെ തേയ്മാനം, ലൈറ്റുകള്‍, വൈപ്പറുകള്‍, ചോര്‍ച്ച, വിന്‍ഡോ ഷട്ടറുകള്‍ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
കൂടുതലായി തേയ്മാനം സംഭവിച്ച ടയറുകള്‍ ഉടനടി മാറ്റണമെന്ന് ബസുകളുടെ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന തുടരും.
പരിചരണമില്ലാതെ സര്‍വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് റദ്ദ് ചെയ്യും. അതേസമയം മഴക്കാലത്തെ ഡ്രൈവിംഗ് ശ്രദ്ധിക്കണമെന്ന നിര്‍ദേശവുമായി പോലീസും രംഗത്തെത്തിയിട്ടുണ്ട്.
ദേശീയപാതയില്‍ ഉള്‍പ്പെടെ വീതിക്കൂട്ടുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇതുമൂലം ഗതാഗതകുരുക്കും രൂക്ഷമാണ്.
എന്നാല്‍ സമയനഷ്ടം മറികടക്കാന്‍ അമിതവേഗത്തിലുള്ള ഡ്രൈവിംഗ് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ട്രാഫിക് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.
മഴക്കാലത്തെ ഡ്രൈവിംഗിനിടെ ഡ്രൈവറുടെ കാഴ്ചയ്ക്ക് തടസമാകുന്ന സംഗതികള്‍ അപകടത്തിനു കാരണമാകാറുണ്ട്. വൈപ്പര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
കനത്ത മഴയുള്ളപ്പോള്‍ ഹെഡ്ലൈറ്റിട്ട് വാഹനം ഓടിക്കാന്‍ ശ്രമിക്കണം. വലിയ വാഹനങ്ങളുടെ തൊട്ട് പിറകില്‍ വാഹനമോടിച്ചാല്‍ മുന്നിലെ വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് ചെളി തെറിച്ച് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകും.
അതുകൊണ്ട് വലിയ വാഹനങ്ങളില്‍ നിന്ന് നിശ്ചിത അകലം പാലിച്ച് മാത്രം വാഹനം ഓടിക്കുക. മഴക്കാലത്ത് ഗ്രിപ്പ് കിട്ടാതാകുന്നതോടെ ബ്രേക്ക് ചവിട്ടിയാലും വാഹനം മുന്നോട്ടു നീങ്ങുന്നതിനിടയാകുമെന്നും മഴക്കാലം തുടങ്ങുന്നതോടെ ഇത്തരം അപകടങ്ങള്‍ പതിവായി ഉണ്ടാകാറുണ്ടെന്നും പോലീസ് ഓർമപ്പെടുത്തുന്നു.