ആലുവ: വീര്യം കൂടിയ സ്പിരിറ്റും സിലോൺ പേസ്റ്റും സാക്രിനുമെല്ലാം ചേർത്തുണ്ടാക്കുന്ന വ്യാജക്കള്ള് കേരളത്തിൽ വ്യാപകമാകുന്നു.
ഇതിന്റെ ഉത്പാപാദനവും വിതരണവും കൃത്യമായി അറിയാമെങ്കിലും പ്രാദേശിക എക്സൈസ് അധികൃതർ അനങ്ങുന്നില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്.
പലപ്പോഴും ഇത് കണ്ടെത്താൻ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലസ്ഥാനത്തുനിന്നും എത്തേണ്ട ഗതികേടാണ്.
കഴിഞ്ഞ ദിവസം ആലുവയിൽ ദേശീയ പാതയോരത്ത് മംഗലപ്പുഴ പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന തോട്ടക്കാട്ടുകാര കള്ളുഷാപ്പിൽ നിന്നും 760 ലിറ്റർ സ്പിരിറ്റ് പിടികൂടിയതും എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്.
കള്ള് ഷാപ്പിൽ ഭൂമിക്കടിയിൽ രഹസ്യ അറ ഉണ്ടാക്കി ആണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 350 ലിറ്റർ വ്യാജക്കള്ള് നിർമിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 1.650 കിലോ സിലോൺ പേസ്റ്റ്, കള്ളിൽ മധുരം കിട്ടാൻ വേണ്ടി ഉപയോഗിക്കുന്ന 270 ഗ്രാം സാക്രിൻ എന്നിവയുമാണ് ഇവിടെനിന്ന് പിടികൂടി കൂടിയത്.
കള്ള് ഷാപ്പ് ജീവനക്കാരായഅഭിഷേക് സലീന്ദ്രൻ (26) വർഗീസ് (76) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ തലവനായ സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവയിലെ റെയ്ഡ്.
മൂന്നാം പ്രതിയും കള്ള് ഷാപ്പ് ലൈസൻസിയായ പറവൂർ സ്വദേശി സുനിലിനെ അറസ്റ്റ് ചെയ്തിട്ടില്ല. കള്ള് ഷാപ്പ് ബിനാമികളും നടത്തിപ്പുകാരുമായ ആന്റണി, ജിബി രാജീവ് എന്നിവരെ പറ്റി അന്വേഷണം ആരംഭിച്ചതായി പറയുന്നു.
കേസ് ആലുവ എക്സൈസ് റേഞ്ചിന് തുടർ നടപടികൾക്ക് കൈമാറി.അബ്കാരികളും ഉന്നത എക്സൈസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വ്യാജ കള്ള് നിർമാണത്തിന് വഴിയൊരുക്കുന്നത്.
അതിഥി തൊഴിലാളികൾ അധികരിച്ചതോടെ കള്ളിന്റെ ഉപയോഗം ഏറിയിട്ടുണ്ട്. റേഞ്ചുകളിലെ ഷാപ്പുകളിൽ ആവശ്യത്തിന് നാടൻ കള്ള് എത്തിക്കാൻ ലൈസൻസികൾക്ക് കഴിയാതെ വന്നതോടെയാണ് എക്സൈസിലെ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ വ്യാജ കള്ള് നിർമാണത്തിലേക്ക് തിരിഞ്ഞത്.
ഇത് വൻ മദ്യദുരന്തത്തിന് വഴിയൊരുക്കുമെന്ന് എക്സൈസ് ഇന്റലിജൻസ് നേരത്തെ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.
കള്ള്കച്ചവടവുമായി ബന്ധപ്പെട്ട് പല റേഞ്ചുകളിലും മാസപ്പടി സമ്പ്രദായം ഇപ്പോഴും സജീവമാണെന്ന് എക്സൈസ് വിജിലൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരക്കാരായ പല ഉദ്യോഗസ്ഥരെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചതായി വകുപ്പു മന്ത്രി എം.വി. ഗോവിന്ദനും സമ്മതിച്ചതാണ്.
എന്നാൽ, ഉദ്യോഗസ്ഥ ബലത്തിൽ സ്പിരിറ്റ് കടത്തും വ്യാജ കള്ള് നിർമാണവും പൊടിപൊടിക്കുന്നു എന്നതിന്റെ തെളിവാണ് ആലുവയിൽ നടന്ന വൻ സ്പിരിറ്റ് വേട്ട.
രണ്ട് ജീവനക്കാരുടെ അറസ്റ്റിലൊതുക്കി ഈ കേസും അവസാനിക്കാനാണ് സാധ്യത. ആലുവ റേഞ്ച് അടക്കിവാഴുന്ന അബ്കാരി പ്രമുഖർക്കെതിരേ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അവകാശപ്പെടുമ്പോഴും ഉദ്യോഗസ്ഥ തണലിൽ ഇവർ സുരക്ഷിരാണെന്നാണ് നാട്ടിലെ അടക്കം പറച്ചിൽ.