കൊച്ചി: പുതുമുഖ നടിയെ പീഡിച്ച കേസിൽ വിജയ്ബാബു ചൊവ്വാഴ്ചയ്ക്കുള്ളിൽ എത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
വിജയ് ബാബുവിന്റെ അറസ്റ്റിനു തടസമില്ല. ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്തിടത്തും റെഡ് കോർണർ ബാധകമാണ്.
പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ ഏതു വിദേശരാജ്യത്ത് തങ്ങുന്നതും നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വിജയ്ബാബു ദുബായിൽനിന്ന് ജോർജിയയിലേക്ക് കടന്നതായാണ് പോലീസിനു ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി കൊച്ചി സിറ്റി പോലീസ് ബന്ധപ്പെട്ടിരിക്കുന്നത്.
പാസ്പോർട്ട് റദ്ദാക്കപ്പെട്ടതോടെ ഇപ്പോൾ ഒളിവിൽ കഴിയുന്ന രാജ്യം വിടാൻ ഇയാൾക്ക് കഴിയില്ല. വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്രാവിവരങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്തി നാട്ടിൽ എത്തിക്കാനാണു പോലീസിന്റെ നീക്കം.
മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു പുതുമുഖ നടിയുടെ പരാതി.
ഇക്കഴിഞ്ഞ 22ന് എറണാകുളം സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്.
അതിനുശേഷം താൻ ദുബായിലുണ്ടെന്ന് പ്രഖ്യാപിച്ച് ഇയാൾ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ താൻ ബിസിനസ് ടൂറിലാണെന്നും 19നെ നാട്ടിലെത്താനാവൂവെന്നുമാണ് ഇയാൾ അറിയിച്ചത്.
ലഹരി വസ്തുക്കൾ നൽകി അർദ്ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബു പീഡിപ്പിച്ചതെന്നാണ് നടിയുടെ മൊഴി.
രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപത്രങ്ങൾ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് പീഡനം തുടർന്നെന്നും ശാരീരികമായി ഉപദ്രവിച്ചതായും മൊഴിയിലുണ്ട്.
ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരേ കേസ് എടുത്തിരിക്കുന്നത്.