നിലമ്പൂർ; മൈസുരൂ സ്വദേശി സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്നു എടവണ്ണ ചാലിയാർ പുഴയിൽ കൊച്ചിയിൽ നിന്നുള്ള നാവികസേനാംഗങ്ങളുടെ തെരച്ചിൽ.
ഷാബാ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ എടവണ്ണ പാലത്തിൽ നിന്നു ചാലിയാർ പുഴയിലേക്കു വലിച്ചെറിച്ചെന്ന പ്രതികളുടെ മൊഴിയെ തുടർന്നാണ് വിശദമായ പരിശോധന നടത്തുന്നത്.
2020 ൽ നടന്ന സംഭവമാണെങ്കിലും ഏതെങ്കിലും തരത്തിൽ പുഴയിൽ അവശിഷ്ടങ്ങൾ അടിഞ്ഞു കിടക്കുന്നുണ്ടോ എന്ന പരിശോധനയാണ് പോലീസ് നടത്തുന്നത്.
അതിനിടെ കേസിലെ പ്രതികളുമായി ഇന്നലെ രാവിലെ എടവണ്ണയിലെത്തിയ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
മുഖ്യപ്രതി ഷൈബിൻ അഷ്റഫ്, ഷൈബിന്റെ ഡ്രൈവറും കേസിലെ പ്രതിയുമായ നിഷാദ് എന്നിവരെയാണ് എടവണ്ണ സീതിഹാജി പാലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊച്ചിയിൽ നിന്നുള്ള അഞ്ചംഗ നേവി സംഘമാണ് തെരച്ചിൽ നടത്തുന്നത്. വെള്ളത്തിൽ മുങ്ങിത്തിരയാനുള്ള സ്കൂബ ഡൈവിംഗ് പോലുള്ള അവശ്യ ഉപകരണങ്ങളുമായാണ് സംഘം എത്തിയിരിക്കുന്നത്.
കേസിന്റെ അന്വേഷണവുമായി പോലീസിന് മുന്നോട്ടു പോകണമെങ്കിൽ കൃത്യമായ തെളിവുകൾ ലഭ്യമായേ തീരൂവെന്നതിനാലാണ് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിക്കാൻ പോലീസ് കഠിന പ്രയത്നമെടുക്കുന്നത്.
മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ഷൈബിൻ അഷ്റഫിന്റെ മുക്കട്ടയിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് ചാക്കിലാക്കി കാറിൽ കൊണ്ടുപോയി ചാലിയാർ പുഴയുടെ എടവണ്ണ സീതിഹാജി പാലത്തിന് സമീപം തള്ളുകയായിരുന്നുവെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാവികസേനാംഗങ്ങൾ എത്തുന്നത്.
പാലത്തിന്റെ മൂന്നാം തൂണിനു സമീപത്തു നിന്നു മൃതദേഹം അടങ്ങിയ പ്ലാസ്റ്റിക്ക് ചാക്ക് വലിച്ചെറിഞ്ഞ ഭാഗം തെളിവെടുപ്പ് സമയത്ത് ഷൈബിൻ അഷറഫ് പോലീസിന് കാണിച്ചു കൊടുത്തിരുന്നു.
രണ്ടു വർഷത്തിനിടെ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായതിനാൽ ദൗത്യം വിജയകരമാവുമോയെന്ന് പോലീസ് സംയിക്കുന്നുണ്ട്.
എന്നാൽ മൃതദേഹാവശിഷ്ടം കണ്ടെത്താനായാൽ കൊലപാതകത്തിനു നിർണായക തെളിവാകും. ഈ സാഹചര്യത്തിലാണ് പുഴയിൽ മുങ്ങി തിരയാൻ നാവികസേനയുടെ സഹായം തേടുന്നത്.
ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പ്, നവീകരിച്ച ശുചിമുറിയിൽ നിന്നു നീക്കം ചെയ്ത ടൈൽ, മണ്ണ്, സിമന്റ് എന്നിവയിൽ നിന്നുമായി ലഭിച്ച രക്തക്കറയും മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി കാറിൽ നിന്ന് ലഭിച്ച മുടിയുമാണ് അന്വേഷണ സംഘത്തിന് ഇതുവരെയായി കണ്ടെത്താനായ നിർണായക തെളിവുകൾ.
എന്നാൽ ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ ഡിഎൻഎ തെളിവുകൾ കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെതാണെന്ന് സ്ഥിരീകരിക്കാനാകു.
അതേ സമയം ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടി നുറുക്കാനുപയോഗിച്ച പുളിമരത്തന്റെ ഇറച്ചിപ്പലകയുടെ കുറ്റിയും കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയ കടയിൽനിന്നുള്ള ബില്ലിന്റെ കോപ്പിയും തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയിരുന്നു.