പ്രത്യേക ലേഖകൻ
ന്യൂഡൽഹി: അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പണപ്പെരുപ്പവും പിടിവിട്ട് റിക്കാർഡിലെത്തിയതു പിടിച്ചുകെട്ടാൻ ഇന്ധനവില കുറയ്ക്കുകയല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു പോംവഴികളൊന്നും ഇല്ലായിരുന്നു.
ഇന്ധന വില കൂടിയതാണ് രാജ്യത്താകെ വലിയ തോതിൽ വിലക്കയറ്റം സൃഷ്ടിക്കാൻ ഇടയാക്കിയതെന്നും കേന്ദ്ര എക്സൈസ് തീരുവ കുറയ്ക്കാതെ തരമില്ലെന്നും സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ധന വില കുറച്ചെങ്കിലും അടുത്തിടെ കൂട്ടിയ ഓട്ടോ, ടാക്സി, ബസ് യാത്രാ നിരക്കുകളും ചരക്കു ഗതാഗത നിരക്കും കുറയ്ക്കാനിടയില്ല.
ഫലത്തിൽ സാധനവിലകളിലും യാത്രാ ചെലവുകളിലും വലിയ ഇളവിനു സാധ്യത കുറവാണ്.
പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില സെഞ്ചുറി കടന്നതോടെ രാജ്യത്താകെ വിലക്കയറ്റം പിടിവിട്ടു വർധിച്ചു.
അരി, ഗോതന്പ്, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, പച്ചക്കറികൾ തുടങ്ങി അവശ്യ സാധനങ്ങളുടെ വില റിക്കാർഡിലെത്തി.
കേന്ദ്ര സർക്കാരിന്റെ തന്നെ ഉപഭോക്തൃ വില സൂചികയും പണപ്പെരുപ്പത്തോതും കുത്തനെ കൂടിയത് സർക്കാരിനെ പ്രതിസന്ധിയിലാക്കി. ഉപഭോക്തൃവില സൂചിക റിക്കാർഡിലേക്ക് ഉയർന്നു.
ഏതാനും സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറച്ചെങ്കിലും വിലക്കയറ്റ നിയന്ത്രിക്കാനായില്ല.
ഏതാനും സംസ്ഥാന സർക്കാരുകളും നികുതി കുറച്ചെങ്കിലും പെട്രോൾ, ഡീസൽ വില കാര്യമായി കുറയ്ക്കാനായില്ല. ബിജെപി ഭരണ സംസ്ഥാനങ്ങളിൽപ്പോലും ജനങ്ങൾ പ്രതിഷേധിച്ചു.
ഈ സാഹചര്യത്തിൽ നേരത്തെ കൂട്ടിയ കേന്ദ്ര എക്സൈസ് നികുതി കുറയ്ക്കാതെ മറ്റു വഴിയില്ലായിരുന്നു.