കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നീതി കിട്ടാൻ എല്ലാ പിന്തുണയും നൽകുമെന്നു എൽഡിഎഫ് കണ്വീനർ ഇ.പി. ജയരാജൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകും.
കേസിൽ നിയമവിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല. ആരെയെങ്കിലും ചോദ്യം ചെയ്യേണ്ട എന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ്:ശരത് 15-ാം പ്രതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് 15-ാം പ്രതിയാകും. ഇതുസംബന്ധിച്ച് അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈബ്രാഞ്ച് പറയുന്നു. ഐപിസി 201-ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേർത്തത്.
ഇയാളെ പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും. അതേസമയം ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവൻ കേസിൽ സാക്ഷിയാകും.
തുടരന്വേഷണം 30-ന് അധിക കുറ്റപത്രം നൽകി ക്രൈംബ്രാഞ്ച് അവസാനിപ്പിക്കും.കേസിൽ ആകെ പത്ത് പ്രതികൾ ആണുള്ളത്. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകുന്നത്.
ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയാണ്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കി. ദിലീപ് എട്ടാം പ്രതിയാണ്.
കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണമുയർന്ന അഭിഭാഷകരെ ചോദ്യം ചെയ്യാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
നടി അക്രമിക്കപ്പെട്ട കേസിലെ വിസ്താരം അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലിയിരുന്നു ഇത്.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഉൾപ്പെടെ ശേഖരിച്ച ആന്വേഷണ സംഘം കൂടുതൽ സാക്ഷികളുടെയും ദിലീപ് അടക്കമുള്ള ആരോപണവിധേയരുടെയും മൊഴിയെടുത്തിരുന്നു.
എഴുപത്തിയഞ്ചോളം പേരുടെ മൊഴികളാണ് എടുത്ത്. എന്നാൽ ദിലീപിന്റെ സുഹൃത്തായ ശരത്തിനെ മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം നൽകുന്നതെന്നാണ് സൂചന.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഈ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമെത്തിയോയെന്ന് സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
സംഭവത്തിന്റെ ഗൂഢാലോചനയിൽ കാവ്യ മാധവനും പങ്കാളിയാണെന്ന വിധത്തിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ ഗൂഢാലോചന സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന മറുപടിയാണ് കാവ്യ മാധവൻ ഉദ്യോഗസ്ഥർക്ക് നൽകിയത്. കാവ്യയെ കേസുമായി ബന്ധിപ്പിക്കാൻ തക്ക മറ്റ് തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നില്ല.
ദിലീപിന്റെ അഭിഭാഷകർ കേസിൽ പ്രതിയാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നെങ്കിലും അത്തരം നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല.
കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അഭിഭാഷകർ ശ്രമിച്ചതായി ശബ്ദരേഖ തെളിവാക്കി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നോട്ടീസ് നൽകുക പോലും ഉണ്ടായിട്ടില്ല.