ആലപ്പുഴ: കഴിഞ്ഞ 21 ന് പോപ്പുലർ ഫ്രണ്ട് ജനമഹാസഭ റാലിക്കിടെ വർഗീയ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നു പുലർച്ചേയാണ് പോലീസ് ഇയാളെ ഈരാറ്റുപേട്ടയിലുള്ള വീട്ടിൽ നിന്ന് പിടികൂടിയത്. അൻസാറിനെ ആലപ്പുഴ സൗത്ത് പോലീസിൽ കൊണ്ടുവന്നു.
ഇതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രകടനം നടത്തി.ബംജ്റംഗ്ദളിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും റാലികൾ 21 നു നടന്നിരുന്നു.
പോലീസ് നിർദേശം ലംഘിച്ച് പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഐപിസി 283 പ്രകാരം ഇരുസംഘടനകൾക്കുമെതിരേയും പോലീസ് നേരത്തേ കേസെടുത്തിരുന്നു.
കേന്ദ്ര ഏജൻസികളും ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ തേടിയെന്നാണ് വിവരം.10 വയസ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിലിരുന്ന് പ്രകോപനപരമായ മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കുട്ടി വിളിക്കുന്ന മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇത് യഥാർഥ ദൃശ്യങ്ങളാണെന്നാണ് സ് പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.