ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സാസിലുള്ള സ്കൂളിൽ 18കാരൻ നടത്തിയ വെടിവയ്പ്പിൽ മരണം 22 ആയി.19 വിദ്യാർഥികളും രണ്ട് ടീച്ച ർമാരുമുൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉവാൾഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. 18കാരൻ കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്.
രണ്ട് വിദ്യാർഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.അമേരിക്കൻ പൗരനായ സാൽവദോർ റെമോസ് എന്നയാളാണ് വെടിവയ്പ്പ് നടത്തിയത്.
ഇയാളെ പോലീസ് വെടിവച്ചു കൊന്നു. സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്കൂളിൽ വെടിവയ്പ്പ് നടത്താനെത്തിയത്.
രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ വൈറ്റ് ഹൗസ് നിർദ്ദേശം നൽകി. പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു.
അമേരിക്കയിലെ തോക്ക് ലോബിക്കെതിരേ ജോ ബൈ ഡൻ ആഞ്ഞടിച്ചു. നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.