കോട്ടയം: കാലവർഷ സമയത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ സേഫ് കോട്ടയം എന്ന പേരിൽ സാമൂഹ്യ സുരക്ഷിതത്വ കാന്പയിൻ സംഘടിപ്പിക്കുന്നു.
അടുത്തകാലത്ത് വെള്ളത്തിൽ വീണും ഒഴുക്കിൽപെട്ടും മണ്ണിടിഞ്ഞു വീണു നിരവധി അപകടങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പോലീസ് കാന്പയിൻ നടത്തുന്നത്.
മഴക്കാലത്തുണ്ടാകാവുന്ന അപകട സാധ്യതകളെപ്പറ്റിയും, അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതിനെപ്പറ്റിയും പൊതുജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
ഇതിനായി വ്യാപക പ്രചാരണങ്ങളും ബോർഡുകളും വാട്സ് ആപ്പ് സന്ദേശങ്ങളും നൽകും.
കാലവർഷ സമയത്തെ സുരക്ഷാ നിർദേശങ്ങൾ
മഴക്കാലത്തും, വെള്ളപ്പൊക്ക സമയങ്ങളിലും നദികളിലും പാറമടകളിലും ചെറുതോടുകളിലും വെള്ളക്കെട്ടുകളിലും കുട്ടികൾ കുളിക്കാൻ പോകുന്നതിനു കർശന നിയന്ത്രണം വേണം.
വെള്ളപ്പൊക്ക സമയത്ത് തോടുകളിൽ കുളിക്കുന്നതും, മീൻ പിടിക്കുന്നതും പൂർണമായും ഒഴിവാക്കണം.
വെള്ളക്കെട്ടിലൂടെയുള്ള നടത്തം, യാത്ര എന്നിവ ഒഴിവാക്കുക.
വള്ളം/ചങ്ങാടം മുതലായവയിൽ തുഴയാൻ ഇറങ്ങുന്നതും ഒഴിവാക്കണം.
മദ്യപിച്ചശേഷം യാതൊരു കാരണവശാലും വെള്ളത്തിലിറങ്ങുവാൻ പാടില്ല.
പ്രളയസമയത്ത് താഴ്ന്ന പ്രദേശങ്ങളിലോ, പുഴയോരങ്ങളിലോ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറ്റണം.
വീട്ടുമുറ്റത്ത് ഉപയോഗ ശൂന്യമായതോ, തുറന്നിട്ടതോ ആയ കുഴികൾ ഉണ്ടെങ്കിൽ മൂടിവെക്കുക.
മതിലുകൾ, കിണറുകൾ, കുന്നിൻ ചെരുവുകൾ, മണ്തിട്ടകൾ എന്നിവിടങ്ങളിലുള്ള ജോലികൾ ഒഴിവാക്കണം.
കിണറിനു പാരപ്പെറ്റ് കെട്ടുകയോ മൂടി വെക്കുകയോ ചെയ്യേണ്ടതാണ്.
ഉപയോഗശൂന്യമായ കിണറുകളും, കുഴികളും മൂടുകയോ, അല്ലെങ്കിൽ മതിയായ അകലത്തിൽ വേലികെട്ടി സുരക്ഷിതമാക്കുകയോ ചെയ്യണം.
ഒഴുക്കിൽ പെടുന്ന ആളെ രക്ഷിക്കാൻ മതിയായ സുരക്ഷയില്ലാതെ പുറകെ ചാടുന്നത് പോലുള്ള സാഹസിക പ്രവർത്തികൾ ചെയ്യാതിരിക്കുക.
ഇത്തരം ഘട്ടങ്ങളിൽ ഫയർ ആൻഡ് റെസ്ക്യു, നാവിക സേന, പോലീസ് എന്നിവയുടെ സഹായം തേടുക.
രാത്രികാലങ്ങളിൽ ജനാലകളും, വാതിലുകളും അടച്ചുവെന്ന് ഉറപ്പുവരുത്തുക.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ അറ്റകുറ്റപ്പണി ചെയ്യുകയോ, മഴക്കാലത്ത് ഇത്തരം കെട്ടിടങ്ങളിലെ താമസം ഒഴിവാക്കുകയോ ചെയ്യണം.
മൊബൈൽ ഫോണിൽ ആവശ്യത്തിനുള്ള ചാർജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
പവർ ബാങ്ക്, ടോർച്ച്, എമർജൻസി ലൈറ്റുകൾ എന്നിവ ചാർജ് ചെയ്ത് വയ്ക്കുക.
പോലീസിന്റെയും, ഫയർ ഫോഴ്സിന്റെയും അടക്കമുള്ള അത്യാവശ്യ ഹെൽപ് ലൈൻ നന്പറുകൾ മൊബൈൽ ഫോണിൽ സേവ് ചെയ്ത് വെക്കുകയോ ഡയറിയിൽ കുറിച്ചിടുകയോ ചെയ്യുക.