ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പുനലൂര്‍ സ്വദേശിയും യു എ ഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ സാമിന്റെ ഭാര്യ സോഫിയയെയും (32) സുഹൃത്ത് അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സാം എബ്രഹാമിന് നേരേ മുമ്പ് വധശ്രമമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് പൊലീസ് കൂടുതല്‍ നിഗമനത്തിലേക്ക് എത്തിയത്.
സാമിന്റെ മരണശേഷം പോലീസ് സോഫിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാസങ്ങളായി ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ കിട്ടിയത്. പല സംഭാഷണങ്ങളും മലയാളത്തിലായതിനാല്‍ തര്‍ജ്ജമ ചെയ്യാന്‍ കൂടുതല്‍ സമയം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സാം മരിക്കുന്നതിനു മുമ്പ് ഇയാള്‍ക്കുനേരേ ആക്രമണമുണ്ടായിട്ടുണ്ട്. കാറിനുള്ളില്‍ ഒളിച്ചിരുന്ന മുഖംമൂടിയണിഞ്ഞ ഒരാള്‍ സാമിനെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയിരുന്നു. ഈ ആക്രമണം നടത്തിയത് അരുണ്‍ കമലാസനനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 13നായിരിക്കും കോടതി കേസ് വീണ്ടും പരിഗണിക്കുക. സാമിനും സോഫിയക്കും നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.