നെടുമങ്ങാട് : മഴയും കാറ്റും വരുന്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന മകനെയും കൊണ്ട് ഈ അമ്മ ഓട്ടത്തിലാണ്. നനയാതെ, അപകടമൊന്നും ഉണ്ടാകാതെ കിടന്നുറങ്ങാൻ ബന്ധുവീടുകൾ തേടി.
കൊല്ലങ്കാവിൽ താമസിക്കുന്ന സോഫിയയ്ക്ക് ഇപ്പോഴുള്ളത് ഒൻപത് സെന്റ് സ്ഥലവും വീടിരുന്ന സ്ഥലത്ത് അവശേഷിക്കുന്ന ഒറ്റ മുറിയും മാത്രം.
ബാക്കിയുള്ള വീടും മേൽക്കൂരയുമെല്ലാം മൂന്നു വർഷം മുന്‍പുണ്ടായ മഴയിലും കാറ്റിലും തകർന്നു നിലംപൊത്തി. ഭർത്താവ് ഉപേക്ഷിച്ചു പോയ സോഫിയയ്ക്ക് കടുത്ത ശാരീരിക പ്രശ്നങ്ങളും സംസാരത്തിൽ വൈകല്യവുമുണ്ട്.
അമ്മയുടെ പരമ്പരാഗത സ്വത്തായി ലഭിച്ച ഒന്‍പതു സെന്റ് സ്ഥലമുണ്ടെങ്കിലും സോഫിയയും മകനും ഇപ്പോൾ അന്തിയുറങ്ങുന്നത് സമീപത്തെ ബന്ധുക്കളുടെ വീട്ടിലാണ്.
മഴയും കാറ്റും ഉണ്ടായാൽ ഏതു സമയത്തു വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് അവശേഷിക്കുന്ന മുറിയും മേൽക്കൂരയും സ്ഥിതിചെയ്യുന്നത്.
ആരോഗ്യ വകുപ്പ് നൽകുന്ന പെൻഷൻ മാത്രമാണ് ഏക വരുമാനം. ഏഴാം ക്ലാസില്‍ പഠിക്കുന്ന മകന്റെ പഠനച്ചെലവുകള്‍ പോലും നന്നായി നോക്കിനടത്താന്‍ ഈ പാവം അമ്മയ്ക്കാകുന്നില്ല.
വീട് തകർന്നതിനു പിന്നാലെ നെടുമങ്ങാട് നഗരസഭ അടക്കമുള്ള പലയിടത്തും മുട്ടിനോക്കി. ലൈഫ് പദ്ധതിക്കായി പലവട്ടം അപേക്ഷകള്‍ നല്കി. എങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.
തനിക്കും മകനും പേടിയില്ലാതെ അന്തിയുറങ്ങാന്‍ ഒരു വീടുവേണമെന്നാണ് അധികാര കേന്ദ്രങ്ങളിൽ നിരന്തരം കയറിയിറങ്ങുന്ന സോഫിയ അവ്യക്തമായ ഭാഷയിലൂടെ ആവശ്യപ്പെടുന്നത്.