കാസര്‍ഗോഡ്: 13 വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ ലീഗ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവും പങ്കെടുത്തത് യുഡിഎഫില്‍ വിവാദമാകുന്നു.
പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി നടുവയല്‍ അബ്ദുള്ളക്കുഞ്ഞിയുടെ മകളുടെ വിവാഹച്ചടങ്ങിലാണ് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്റഫും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് സാജിദ് മൗവലും പങ്കെടുത്തത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹാഘോഷത്തില്‍ പങ്കെടുത്ത യുവാക്കള്‍ക്കൊപ്പം എംഎല്‍എ കൈകൊട്ടിപ്പാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
തൊട്ടുപിന്നാലെയാണ് സാജിദ് മൗവല്‍ ചടങ്ങില്‍ പങ്കെടുത്ത് അബ്ദുള്ളക്കുഞ്ഞിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യവും പുറത്തുവന്നത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ സാധാരണ പ്രവര്‍ത്തകരുടെ രോഷം പുകയുകയാണ്.
കഴിഞ്ഞവര്‍ഷം പെര്‍ളയില്‍ നടന്ന ജബ്ബാര്‍ അനുസ്മരണച്ചടങ്ങില്‍ സാജിദ് മൗവല്‍ പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
2009 ലാണ് അബ്ദുല്‍ ജബ്ബാര്‍ കൊലചെയ്യപ്പെട്ടത്. നാളുകള്‍ നീണ്ട സമരങ്ങള്‍ക്കും നിയമപോരാട്ടത്തിനും ശേഷമാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.
സിബിഐ കോടതി ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്ന അബ്ദുള്ളക്കുഞ്ഞി ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ജയില്‍മോചിതനായതാണ്.
എംഎല്‍എയുടെയും കോണ്‍ഗ്രസ് നേതാവിന്റെയും നടപടിക്കെതിരെ പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാര്‍ പറഞ്ഞു.