കൊച്ചി: തിരുവനന്തപുരത്ത് വിവാദപ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് കര്‍ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എറണാകുളം വെണ്ണലയിലെ കേസില്‍ മുന്‍കൂര്‍ ജാമ്യവും അനുവദിച്ചി ട്ടുണ്ട്. ഹര്‍ജികളിൽ ജസ്റ്റീസ് പി. ഗോപിനാഥാണ് വിധി പറഞ്ഞത്.
50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്ജാമ്യവുമടക്കമുള്ള വ്യവസ്ഥകള്‍ ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതു കൂടാതെ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലോ മതവികാരം വൃണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്നു നിര്‍ദേശമുണ്ട്.
ശാസ്ത്രീയ പരിശോധനയടക്കമുള്ള അന്വേഷണ നടപടികളുമായി സഹകരിക്കണം. 72 വയസുള്ള പി.സി. ജോര്‍ജിന് ആരോഗ്യ പ്രശ്നങ്ങളുള്ളതും 33 വര്‍ഷം എംഎല്എയായിരുന്നെന്നതും കോടതി കണക്കിലെടുത്തു.
ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു.
തിരുവനന്തപുരത്തെ കേസില്‍, മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന ഉപാധിയോടെ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി ജാമ്യം നല്‍കിയിരുന്നെങ്കിലും വെണ്ണലയിലെ പ്രസംഗത്തെത്തുടര്‍ന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു.
തുടര്‍ന്ന് അറസ്റ്റിലായപ്പോഴാണ് പി.സി. ജോര്‍ജ് ഈ കേസില്‍ ജാമ്യ ഹര്‍ജി നല്‍കിയത്.വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങില്‍ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
പൊതുപ്രസ്താവനകള്‍ പാടില്ലെന്നും അറസ്റ്റിലായാല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഈ ഉത്തരവ് അന്തിമമാക്കി.
പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്താണ് കേസുകളെടുത്തതെന്നും അന്യായമായി പ്രതിചേര്‍ത്തതാണെന്നും പി.സി. ജോര്‍ജിന്റെ അഭിഭാഷകന് വാദിച്ചു. ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം പി.സി ജോര്‍ജ് പൊതുപ്രസ്താവന നടത്തിയിട്ടില്ലെന്നും വിശദീകരിച്ചു.
എന്നാല്‍ പി.സി ജോര്‍ജിനെ ആര്‍ക്കു നിയന്ത്രിക്കാനാവുമെന്നതാണ് പ്രശ്നമെന്നും പ്രോസിക്യൂഷനും കോടതിയും പരാജയപ്പെട്ടതാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി പറഞ്ഞു.
പി.സി. ജോര്‍ജിന്റെ പ്രസംഗത്തിന്റെ പ്രതിഫലനം മറ്റു പലയിടങ്ങളില്‍ ഉണ്ടായെന്നും ജാമ്യം നല്കിയാല് സമാന കുറ്റങ്ങള്‍ ചെയ്യുന്നതു തടയാന്‍ കര്‍ശന വ്യവസ്ഥ വേണമെന്നും ആവശ്യപ്പെട്ടു.
പി.സി ജോര്‍ജിന്റെ ശബ്ദ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കേണ്ടതുണ്ടെന്നും സംഭവങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോര്‍ജ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.