നെയ്യാറ്റിൻകര: വയോധികയുടെ പെൻഷൻ തുക പേമെന്റ് സബ് ട്രഷറിയിൽനിന്നു തട്ടിയെടുത്ത സംഭവത്തിൽ ജൂണിയർ സൂപ്രണ്ട് അറസ്റ്റിൽ.
കോട്ടയം കറുകച്ചാൽ സബ് ട്രഷറി ജൂണിയർ സൂപ്രണ്ട് ചെങ്കൽ കോടങ്കര സ്വദേശി ആര്.യു. അരുൺ (38) ആണ് അറസ്റ്റിലായത്.
കോട്ടയം സ്വദേശിനിയായ കെ.കെ. കമലമ്മയുടെ ചെക്ക് ലീഫ് വ്യാജ ഒപ്പിട്ട് അസല്‍ രേഖയായി ഉപയോഗിച്ച് 18,000 രൂപ നെയ്യാറ്റിന്‍കര പെന്ഷന് പേമെന്റ് സബ് ട്രഷറിയില്‍നിന്ന് അരുണ്‍ തട്ടിയെടുത്തതായാണ് കേസ്.
തന്റെ പെൻഷൻ തുക മാറാനായി 18,000 രൂപയുടെ ചെക്ക് അരുണിനു കമലമ്മ കൈമാറിയിരുന്നു. കമലമ്മ നൽകിയ ചെക്കിൽ തിരുത്ത് ഉണ്ടെന്നു പറഞ്ഞ് അരുണ്‍ ചെക്ക് കൈക്കലാക്കി.
പിന്നീട് ഇക്കഴിഞ്ഞ 19ന് നെയ്യാറ്റിൻകര പെൻഷൻ പേമെന്റ് സബ് ട്രഷറിയിൽ ചെക്ക് സമര്‍പ്പിച്ചു തുക പിന്‍വലിക്കുകയായിരുന്നു.
ഇപ്രകാരം ഒരു പിന്‍വലിക്കല്‍ താന്‍ നടത്തിയിട്ടില്ലെന്ന കമലമ്മയുടെ പരാതിയെത്തുടര്‍ന്ന് ട്രഷറി ജോയിന്റ് ഡയറക്ടര്‍ നെയ്യാറ്റിന്‍കര പെന്ഷന് പേമെന്റ് സബ് ട്രഷറിയില്‍ അന്വേഷണം നടത്തി.
അരുണ്‍ ചെക്ക് സമര്‍പ്പിച്ചതിന്റെ തെളിവ് അദ്ദേഹത്തിനു ലഭിച്ചു. ചെക്കിന്റെ മറുപുറത്ത് അരുണിന്റെ കൈയൊപ്പുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു.
അന്നത്തെ സി സി ടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും പരിശോധിച്ചപ്പോള്‍ സാന്പത്തിക തിരിമറി ബോധ്യമായി.
തുടര്‍ന്ന് അരുണിനെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. കറുകച്ചാല്‍ സബ് ട്രഷറിയില്‍നിന്നു കാട്ടാക്കട ജില്ലാ ട്രഷറി ഓഫീസിലേക്കു നല്കിയ നിര്‍ദേശ പ്രകാരം നെയ്യാറ്റിന്‍കര പോലീസില്‍ പരാതി സമര്‍പ്പിച്ചു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുണിനെ അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു.