ചേർത്തല: 21 ദിവസം പ്രായമുള്ള നവജാത ശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലെറിഞ്ഞ സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സ തുടരുന്നു. കുഞ്ഞ് ഇൻക്യുബേറ്ററിലാണ്. അമ്മയും ഒപ്പമുണ്ട്.
അമ്മ പ്രത്യേക നിരീക്ഷണത്തിലാണ് കൗൺസലിംഗ് ഉൾപ്പെടെ മാനസിക രോഗ ചികിത്സയും തുടങ്ങി. അമ്മയ്ക്കതിരേ വധശ്രമത്തിനും ജുവനൈൽ ആക്ട് പ്രകാരവും കേസ് എടുത്തതായി അർത്തുങ്കൽ പോലീസ് പറഞ്ഞു.
അർത്തുങ്കൽ ചേന്നവേലിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.കിടപ്പുമുറിയിൽ നിന്നു കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി വീടിനു സമീപത്തെ തോടിൽ ഇടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഭർതൃസഹോദരനാണ് ഉടനെ കണ്ടതും രക്ഷപ്പെടുത്തിയതും.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അമ്മയ്ക്ക് മാനസിക പ്രശ്നം ഉള്ളതായാണ് വിവരം.
ഏഴാം മാസം പ്രസവം നടന്നതിനാൽ വീട്ടിൽ അമ്മയും കുഞ്ഞും പ്രത്യേക മുറിയിൽ നിരീക്ഷണത്തിലായിരുന്നു.
രണ്ടു വയസുള്ള മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തയാറായതെന്നാണ് അമ്മ അർത്തുങ്കൽ പോലീസിന് മൊഴി നൽകിയത്.