പ്രതിരോധമാണു ചികിത്സയേക്കാള്‍ പ്രധാനം. മുടികൊഴിച്ചില്‍ ഒഴിവാക്കുന്നതിനും ആരോഗ്യമുളള മുടിക്കും ചില നിര്‍ദേശങ്ങള്‍.
* അഴകുളള മുടിക്ക് അടിസ്ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികള്‍, പഴച്ചാറുകള്‍, പാല് എന്നിവ ഉത്തമം. നാളികേരവിഭവങ്ങള്‍ കേശാരോഗ്യത്തിനു ഗുണകരം.
* രാസപദാര്‍ഥങ്ങളും പ്രിസര്‍വേറ്റിവുകളും(ഭക്ഷ്യവിഭവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനു ചേര്‍ക്കുന്ന രാസവസ്തുക്കള്‍) ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക.
* കുരുമുളക്, ജീരകം, മഞ്ഞള്‍ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതു കേശാരോഗ്യത്തിനു ഗുണപ്രദം
* ധ്യാനം, യോഗ, ഉറക്കം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ടെന്‍ഷന്‍ കുറയ്ക്കുക.
* കുളിക്കു ശേഷം മുടി സ്വാഭാവികമായി ഉണങ്ങിക്കഴിഞ്ഞു മാത്രം ചീകുക. മുടി ചീകുമ്പോള്‍ എല്ലാ വശങ്ങളില് നിന്നും പതിയെ ചീകുക.
* തലയോട്ടിയില്‍ സ്പര്‍ശിക്കത്തക്ക വിധം അമര്‍ത്തി ചീകരുത്.
* നാരങ്ങാനീരു തേച്ചു മുടി കഴുകുന്നതു മുടിയുടെ തിളക്കം കൂട്ടുന്നതിനു സഹായകം. താരന് അകറ്റുന്നതിനും അതു ഗുണപ്രദം.
* അനാവശ്യമായി രാസപദാര്‍ഥങ്ങള്‍ മുടിയില്‍ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. രാസപദാര്‍ഥങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണു മുടിയുടെ ആരോഗ്യത്തിനു ഗുണകരം.
* ക്ലോറിന്‍ കലര്‍ന്ന വെളളത്തില്‍ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നവര്‍ ശുദ്ധജലം ഉപയോഗിച്ചു തല കഴുകി വൃത്തിയാക്കുക
* രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഷാമ്പൂ ഒഴിവാക്കുക; പ്രകൃതിദത്തമെന്നും മറ്റുമുളള പരസ്യവാചകങ്ങളില്‍ അകപ്പെടാതിരിക്കുക.
* ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ പുരട്ടി ആഴ്ചയില്‍ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുക. വിരലുകളുടെ അഗ്രം ഉപയോഗിച്ചു നന്നായി മസാജ് ചെയ്യുക. മസാജ് ചെയ്യുമ്പോള്‍ നഖം തലയില്‍ കൊളളരുത്. പിന്നീടു വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചു കഴുകിക്കളയുക. ഷാമ്പുവിനു പകരം ചെമ്പരത്തിയില താളിയായി ഉപയോഗിക്കാം.
* ഡ്രയര്‍ തലയ്ക്കു വളരെയടുത്തു നീക്കിവച്ചു മുടിയുണക്കുന്ന രീതി ഒഴിവാക്കുക.
* ഹെയര്‍ ലോഷന്‍ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ നേരിട്ടു തേച്ചു പിടിപ്പിക്കുന്ന രീതി ഉപേക്ഷിക്കുക.
* മുടിക്കു വലിച്ചിലുണ്ടാക്കുന്ന ഹെയര്‍ സ്റ്റൈലുകള്‍ ഉപേക്ഷിക്കുക.
* തേനും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്തു തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇതു മുടികൊഴിച്ചില്‍ പ്രതിരോധിക്കും.