ദിവസങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ ജയ്പൂര്‍ ഛാപിയ ഗ്രാമത്തില്‍ നിന്നു കാണാതായ മൂന്നു സഹോദരിമാരെയും രണ്ടു കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നാല് വയസ്സുള്ള ആണ്‍കുട്ടിയും 27 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കുട്ടികളുമായി മൂന്ന് സ്ത്രീകളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം.
മരിച്ചവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
കാലു മീണ(25) മമത(23) കമലേഷ്(20) എന്നിവരാണ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.
മേയ് 25-ാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സഹോദരിമാരായ മൂന്നുപേരെയും ഛാപിയ ഗ്രാമത്തിലെ മൂന്ന് സഹോദരന്മാരാണ് വിവാഹം കഴിച്ചിരിക്കുന്നത്.
ഒരേ കുടുംബത്തില്‍ താമസിച്ചിരുന്ന ഇവരെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതി.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ ഇവരെ മര്‍ദിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
സഹോദരിമാരില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും പോലീസ് കണ്ടെടുത്തിട്ടില്ല. അതേസമയം, ഇളയസഹോദരിയായ കമലേഷ് അവസാനം പങ്കുവെച്ച വാട്സാപ്പ് സ്റ്റാറ്റസില്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന സൂചനകളുണ്ടായിരുന്നു. ‘ഞങ്ങള്‍ ഇപ്പോള്‍ പോവുകയാണ്.
എല്ലാവരും സന്തോഷമായിരിക്കുക. ഭര്‍തൃമാതാപിതാക്കളാണ് ഞങ്ങളുടെ മരണത്തിന് കാരണം. എല്ലാദിവസവും മരിക്കുന്നതിനേക്കാള്‍ നല്ലത് ഒരൊറ്റ തവണ മരിക്കുന്നതാണ്.
അതിനാല്‍ ഞങ്ങളെല്ലാവരും ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചു. അടുത്ത ജന്മത്തിലും ഞങ്ങള്‍ ഒരുമിച്ചുണ്ടാകും. ഞങ്ങള്‍ക്ക് ഒരിക്കലും മരിക്കണമെന്ന് ആഗ്രഹമില്ല, പക്ഷേ, ഭര്‍തൃമാതാപിതാക്കള്‍ ഞങ്ങളെ ഉപദ്രവിക്കുകയാണ്.
ഞങ്ങളുടെ മരണത്തില്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തരുതെന്നും ഹിന്ദിയില്‍ പങ്കുവെച്ച വാട്സാപ്പ് സ്റ്റാറ്റസില്‍ പറഞ്ഞിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ സഹോദരിമാരെ നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധുവായ ഹേമരാജ് മീണയും ആരോപിച്ചു.
‘സ്ത്രീധനത്തിന്റെ പേരില്‍ എന്റെ സഹോദരിമാര്‍ക്ക് പതിവായി മര്‍ദനമേറ്റിരുന്നു. അവരെ കാണാതായ മേയ് 25-ാം തീയതി മുതല്‍ ഓരോ സ്ഥലത്തും അവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു.
വനിതാ ഹെല്‍പ്പ്ലൈനിന്റെയും വനിതാ കമ്മിഷന്റെയും സഹായത്തോടെ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. പക്ഷേ, ചെറിയ സഹായം മാത്രമേ അവരില്‍നിന്ന് ലഭിച്ചുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.
സഹോദരിമാരുടെ മരണത്തില്‍ ഇവരുടെ ഭര്ത്താക്കന്മാര്, ഭര്‍തൃമാതാപിതാക്കള്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
സ്ത്രീധന മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരെയും മറ്റു ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.