വി.ഡി. സതീശന്
കൊച്ചി: തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സ്വന്തമായി വ്യാജ വീഡിയോ നിര്‍മിച്ച് അതിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
തൃക്കാക്കര അതിനു ചുറ്റും കറങ്ങുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അവര്‍ മാത്രമാണ് ആ വീഡിയോയ്ക്ക് ചുറ്റും കറങ്ങുന്നത്. അപ്ലോഡ് ചെയ്തവരെയാണ് അറസ്റ്റു ചെയ്യേണ്ടത്.
അപ്പോള്‍ വാദി പ്രതിയാകും. പ്രചരിപ്പിച്ച ഒരു ബിജെപിക്കാരന് പോലും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ മൂന്നുപേരില്‍ രണ്ടുപേരും സിപിഎമ്മുകാരാണെന്നും സതീശന് പത്രപ്രതിനിധികളോടു പറഞ്ഞു.
കൊല്ലത്ത് അറസ്റ്റിലായ ആളെ ജാമ്യത്തില്‍ ഇറക്കാന്‍ പോയത് അറിയപ്പെടുന്ന സിപിഎം നേതാവാണ്. അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രിയും ശിവദാസനും സിപിഎമ്മുകാരല്ലെന്ന് ഇതുവരെ ആരും നിഷേധിച്ചിട്ടില്ല.
പത്രസമ്മേളനങ്ങളില്‍ പറഞ്ഞതിന്റെ പോലും വ്യാജനിര്‍മിതി ഉണ്ടാക്കിയാണ് സിപിഎം സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
നിരന്തരമായ വ്യാജ വീഡിയോകളും വ്യാജ നിര്‍മിതികളും ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് സിപിഎമ്മാണ്.
വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ പോലും വോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സിപിഎം ഏതുവിധേനയും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.
കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു.
ജോര്‍ജ് സിപിഎമ്മുമായി ധാരണയിലാണ്. ജോര്‍ജിനെ ജയിലില്‍ ആക്കിയത് സര്‍ക്കാരല്ല, കോടതിയാണ്. എന്നിട്ടും അറസ്റ്റിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ്.
ബിജെപി-സിപിഎം-പി.സി. ജോര്‍ജ് അച്ചുതണ്ട് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പി.സി. ജോര്‍ജിന്റെ മകനും ഒരു പ്രമുഖ സിപിഎം നേതാവിന്റെ മകനും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ വക്കീല്‍ ഓഫീസില്‍ വച്ചാണ് സിപിഎം-ബിജെപി നേതാക്കള്‍ ഗൂഡാലോചന നടത്തുന്നത്.
എല്ലാ മതവിഭാഗങ്ങളുമായും യുഡിഎഫ് സൗഹാര്‍ദത്തിലാണ്. അതേസമയം വര്‍ഗീയത പറയുന്ന ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ ശക്തികളെ എതിര്‍ക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.