പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും യാതൊരു കാരണവശാലും തിങ്കളാഴ്ച ദിവസങ്ങളിൽ അവധി അനുവദിക്കില്ല.
മാത്രമല്ല സിംഗിൾ ഡ്യൂട്ടിയായാലും 12 മണിക്കൂർ സ്പ്രെഡ്ഓവർ ഡ്യൂട്ടിയായാലും ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്തിരിക്കണം.
തിങ്കളാഴ്ച ദിവസങ്ങളിൽ വീക്ക്ലി ഓഫ് , ഡ്യൂട്ടി ഓഫ് എന്നിവ അനുവദിക്കില്ലെന്ന് മാത്രമല്ല കാഷ്യൽ ലീവ്, ഹാഫ് പേ ലീവ് എന്നിവയും ഇല്ല.
കൃത്യമായ മെ ഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെഅവധി അനുവദിക്കുകയുള്ളൂ.
തിങ്കളാഴ്ച ദിവസങ്ങളിൽ മാത്രമല്ല അവധി കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസവും ഈ വ്യവസ്ഥ ബാധകമാണ് .സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുന്നതിനായും വരുമാനം വർദ്ധിപ്പിക്കുന്നതിനായും ഉള്ള നടപടിയുടെ ഭാഗമായാണ് ഇത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന യൂണിറ്റ് ഓഫീസർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സി എം ഡി ഇത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം നല്കി.
ആഴ്ചയിൽ ആറ്ഡ്യൂട്ടിചെയ്തിരിക്കണെമെന്നതുംകർശനമാക്കി.ഡ്രൈവർമാർക്കുംകണ്ടക്ടർമാർക്കും ഡ്യൂട്ടി സറണ്ടർ ചെയ്യുന്നതിന് അനുകൂലമായതീരുമാനവുമുണ്ടായി.
ബേസ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന എത്ര ഡ്യൂട്ടികൾ ഉണ്ടെങ്കിലും അതെല്ലാം സറണ്ടർ ചെയ്യുവാൻ കഴിയുന്നതാണ്. കൂടാതെ ഡ്യൂട്ടി സറണ്ടർ ചെയ്തതിന്റെ പിറ്റേദിവസം ഡ്യൂട്ടി ഇല്ലായെങ്കിൽ എൽ ഡബ്ളിയു ആയി പരിഗണിക്കും എന്നുള്ള വ്യവസ്ഥ ഒഴിവാക്കും.
ഈ വ്യവസ്ഥ മൂലം ഡ്യൂട്ടി സറണ്ടർ ചെയ്യുന്നതിൽ നിന്നും ജീവനക്കാർ പിന്മാറുന്ന ഒരവസ്ഥ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥ റദ്ദ് ചെയ്യാൻ തയാറായത്.
ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരുടെ ഇൻസെന്റീവ് ബാറ്റ ( ഐബി ) വർദ്ധിപ്പിച്ചേക്കും. നിലവിൽ ഒരു കിലോമീറ്ററിന് ഒമ്പത് പൈസയാണ് ഐ ബി . തിരുവനന്തപുരം സിറ്റി സർക്കുലറിലെ ഒരു ഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടർ , ഡ്രൈവർ വിഭാഗം ജീവനക്കാർക്ക് 15 രൂപ വീതമാണ് ബാറ്റയായി ലഭിക്കുന്നത്. ഇത് വർദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.