തിരുവനന്തപുരം: പോലീസിനു മുന്നിൽ ഹാജരാകാൻ തയ്യാറെന്നു കാട്ടി പി.സി.ജോർജ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് കത്തു നൽകി.
തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിൽ ആയതിനാലും നിലവിലെ ആരോഗ്യവസ്ഥയിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ദീർഘ ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആയതിനാലുമാണ് ഇന്നലെ തെളിവെടുപ്പിനായി ഹാജരാകാതിരുന്നതെന്ന് പി.സി.ജോർജ് നൽകിയ കത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പരസ്യ പ്രചരണം അവസാനിച്ച സാഹചര്യത്തിൽ തെളിവെടുപ്പ് ആവശ്യത്തിലേക്കായി നിർദ്ദേശിക്കുന്ന സമയത്ത് ഹാജരാകുമെന്നും പിസി അറിയിച്ചു.
ഇപ്പോൾ ഈരാറ്റുപേട്ടയിലെ വസതിയിലാണുള്ളതെന്നും ഹാജരാകാനുള്ള തിയതിയും സമയവും മുൻകൂട്ടി രേഖമൂലം അറിയിച്ചാൽ ഉപകാരമായിരുന്നു കത്തിൽ പറയുന്നു.
ഇന്നലെ ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പി.സി ജോർജിന് കത്ത് നൽകിയെങ്കിലും പി.സി.ജോർജ് ഹാജരായിരുന്നില്ല. തൃക്കാക്കരയിൽ എൻഡിഎയുടെ പ്രചാരണത്തിന് ഇന്നലെ പി.സി.ജോർജ് എത്തിയിരുന്നു.
പി.സി. ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചോ? നിയമോപദേശം തേടാൻ പോലീസ്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പി.സി.ജോർജ് പോലീസിന്റെ ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാത്ത സംഭവത്തിൽ ജാമ്യം റദ്ദാക്കുന്നകാര്യത്തിൽ പോലീസ് നിയമോപദേശം തേടും.
അന്വേഷണത്തോട് സഹകരിക്കണമെന്നത് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് പി.സി.ജോർജിന് ജാമ്യം കോടതി അനുവദിച്ചത്.
ഇന്നലെ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഫോർട്ട് പോലീസ് പി.സി.ജോർജിന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലും തൃക്കാക്കരയിൽ മുൻ നിശ്ചയിച്ച തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കാൻ പോകേണ്ട തിനാലും ഹാജരാകാൻ സാധിക്കില്ലെന്ന് പി.സി.ജോർജ് മറുപടി നൽകിയിരുന്നു.
മറ്റൊരു ദിവസം ഹാജരാകാമെന്നായിരുന്നു പോലീസിന് നൽകിയ മറുപടി. പി.സിജോർജ് ഹാജരാകാത്തത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പോലീസും സർക്കാരും ആരോപിച്ചിരുന്നു.
ജോർജിന്റെ ജാമ്യം റദ്ദാക്കുന്നതിന് ഹൈക്കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകുമെന്ന് ഇന്നലെ മുതൽ ചർച്ചകൾ നടക്കുകയായിരുന്നു.
ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ നിയമോപദേശം തേടാനാണ് തീരുമാനമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു.
അതേ സമയം പി.സി.ജോർജ് തൃക്കാക്കരയിൽ പ്രസംഗിക്കാതിരിക്കാനാണ് സർക്കാർ പോലീസിനെ കൊണ്ട ് നോട്ടീസ് നൽകിച്ചതെന്നാണ് പി.സി.ജോർജും ബിജെപിയും ആരോപിച്ചത്.