കോട്ടയം: സമൂഹത്തിനുള്ള സന്ദേശം ഓർമപ്പെടുത്തി ഹ്രസ്വചിത്രം ബീഡിമുട്ടായിയിലൂടെ ശ്രദ്ധ നേടി കോട്ടയം സ്വദേശി ശ്രീജേഷ് ശ്രീധരൻ.
ഇന്നു ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്പോൾ പുകവലിയുടെ ദൂഷ്യവശം രണ്ട് കഥാപാത്രങ്ങളിലൂടെ വൈകാരികമായി പ്രേക്ഷകരുമായി പറയുകയാണ് ചിത്രത്തിലൂടെ.
സാഹിത്യകാരനും ഗാനരചയിതാവുമായ ശ്രീധരൻ നട്ടാശേരിയുടെ മകനും കോട്ടയം പേരൂർ സ്വദേശിയുമായ ചലച്ചിത്ര പ്രവർത്തകൻ ശ്രീജേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അപ്പൂപ്പന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിലൂടെ സാമൂഹികബോധമുളവാക്കുന്ന സന്ദേശം പകരുകയാണ് യൂട്യൂബിൽ റിലീസായ ബീഡിമുട്ടായി എന്ന ചിത്രത്തിലൂടെ.
ബീഡി വലിക്കുന്ന അപ്പൂപ്പനും കടയിൽനിന്ന് അപ്പൂപ്പനുള്ള ബീഡിയും ബാക്കി പൈസയ്ക്കു മിഠായിയും വാങ്ങുന്ന കൊച്ചുമകനുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ.
ഇരുവരും തമ്മിലുള്ള കളിയും ചിരിയും ബീഡി വലിച്ചുവിടുന്ന പുകയിൽ കൊച്ചുമകനായി അപ്പൂപ്പൻ തീർക്കുന്ന രസക്കാഴ്ചകളുമായി കഥ പറയുന്ന ചിത്രം ക്ലൈമാക്സോടെ വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നു.
കൊച്ചുമകന്റെ കണ്ണിലൂടെ വലിയ ലോകത്തിന്റെ കഥയാണ് ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നത്. ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം കഥ, സൗണ്ട് ഡിസൈൻ, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതും ശ്രീജേഷ് ശ്രീധരനാണ്.
18 വർഷമായി തന്റെ മനസിലുണ്ടായിരുന്ന കഥയാണെന്നും ചെറുപ്പത്തിൽ താനറിഞ്ഞ ചില അനുഭവങ്ങളുടെ കഥ പറയാനാണ് ബീഡിമുട്ടായിയിലൂടെ ശ്രമിച്ചിരിക്കുന്നതെന്നും സംവിധായകൻ ശ്രീജേഷ് പറയുന്നു.
നിരവധി ഹ്രസ്വ ചിത്രങ്ങൾ, വെബ് സീരീസ്, മ്യൂസിക് വീഡിയോ തുടങ്ങിയവുടെ എഡിറ്റർ, സൗണ്ട് റെക്കോർഡിസ്റ്റ്, സൗണ്ട് ഡിസൈനറായ ശ്രീജേഷിനെ തേടി ഒരുപിടി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.
കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള എസ് മീഡിയ സ്റ്റുഡിയോ നടത്തുന്ന ശ്രീജേഷ് 2003 മുതൽ ചലച്ചിത്ര പ്രവർത്തനങ്ങളുമായി സജീവമാണ്.
ഭാര്യ രാഖിയും മക്കളായ സൗപർണിക, സമന്യു എന്നിവരും ശ്രീജേഷിനു പിന്തുണയാണ്. അച്ഛനും അമ്മയും ഇവർക്കൊപ്പമുണ്ട്.
ബീഡിമുട്ടായിയിൽ വി.കെ. നൈനാച്ചൻ അപ്പൂപ്പനായും മാസ്റ്റർ ശിവനന്ദ് രാജേഷ് കൊച്ചുമകനായും അഭിനയിച്ചിരിക്കുന്നു.
അഭിലാഷ് നാരായണൻ തിരക്കഥയും സഹസംവിധാനവും രാജേഷ് കുടമാളൂർ ഛായഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
പ്രിയ ബാലൻ സംഗീതവും ഗാനരചനയും നോയൽ ടോംസ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. https://youtu.be /dSEac4 fOhAc എന്ന ലിങ്കിൽ ചിത്രം യൂടൂബിൽ സൗജന്യമായി കാണാം.