ഇപ്പോഴത്തെ വിവാഹച്ചടങ്ങുകള്‍ ഫോട്ടാഗ്രാഫര്മാര്ക്കു വേണ്ടിയുള്ളതാണെന്ന് പറയാറുണ്ട്. കാരണം അവരുടെ സൗകര്യം നോക്കിയാണ് വിവാഹച്ചടങ്ങുകള്‍ നടത്താറുള്ളത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ വിവാഹച്ചടങ്ങളുകള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍ ഇല്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ.
വിവാഹ ചടങ്ങുകള്‍ പകര്‍ത്താന്‍ വരന് ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കാത്തതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദെഹാത് ജില്ലയിലാണ് സംഭവം. വിവാഹ മണ്ഡപത്തില്‍ എത്തി ചടങ്ങുകള്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് വധു മനസ്സിലാക്കിയത്.
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ പകര്‍ത്താന്‍ ആരും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വധു വിവാഹ വേദി വിട്ടിറങ്ങി.
സ്വന്തം വിവാഹം ശരിയായി നടത്താനറിയാത്ത വരന്, തന്നെ എങ്ങനെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കുമെന്നാണ് വധുവിന്റെ ചോദ്യം.
യുവതിയെ അനുനയിപ്പിക്കാന്‍ ഇവരുടെ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മംഗള്പൂരിലാണ് വധുവിന്റെ വീട്. അടുത്ത ഗ്രാമമായ ഭോഗ്നിപൂര്‍ സ്വദേശിയാണ് വരന്.
അനുനയ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ പ്രശ്നം പോലീസ് സ്റ്റേഷനിലെത്തി. യുവതി തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പരസ്പരം കൈമാറിയ പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളും ഇരുകൂട്ടരും തിരികെ നല്‍കിയതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു.