ജോണ്സണ് വേങ്ങത്തടം
കോട്ടയം: സംസ്ഥാനത്ത് പുകയില ഉപയോഗം കുറയുന്നുവെന്നു കണക്കു വരുന്പോഴും പുകയില ഉപയോഗിക്കുന്ന സ്ത്രീകളുടെ ശതമാനം വർധിക്കുന്നുവെന്നു സർവേ. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരംസ്ത്രീകളിലെ പുകയില ഉപയോഗം വർധിക്കുകയാണ്.
അഞ്ചാം ദേശീയ ആരോഗ്യസർവ്വേ 2019-21 പ്രകാരം സംസ്ഥാനത്തെ പുകയില ഉപയോഗം 10.38 ശതമാനമാണ്. എന്നാൽ സ്ത്രീകളിലെ പുകയില ഉപയോഗം 1.8ശതമാനത്തിൽ നിന്നും 2.71 ശതമാനമായി വർധിച്ചു.
പുരുഷൻമാരിലെ പുകയില ഉപയോഗം 25.7 ശതമാനത്തിൽ നിന്നും 18.05 ശതമാനമായി കുറയുകയും ചെയ്തു. 2005-06ൽ നടന്ന മൂന്നാം ദേശീയ ആരോഗ്യ സർവ്വേയിൽ 15നു വയസിനു മുകളിലുള്ള 43.5ശതമാനം പുരുഷൻമാരും1.8 ശതമാനം സ്ത്രീകളും പുകയില ഉപയോഗിച്ചിരുന്നു.
സംസ്ഥാന പുകയില ഉപയോഗം 22.65 ശതമാനമായിരുന്നൂ. എന്നാൽ നാലാം പഠനത്തിൽ സംസ്ഥാനത്തെ പുകയില ഉപയോഗം 13.75 ശതമാനമായി കുറഞ്ഞു.
അപ്പോഴും സ്ത്രീകളുടെ പുകയില ഉപയോഗം 1.8ശതമായി നിലനിൽക്കുകയായിരുന്നു. എന്നാൽ അഞ്ചാം ദേശീയ ആരോഗ്യസർവ്വയിലാണ് സംസ്ഥാനത്തെ പുകയില ഉപയോഗം കുറഞ്ഞപ്പോഴും സ്ത്രീകളുടെ ഉപയോഗം വർധിച്ചു വരുന്നതായി കാണുന്നത്.
കേരളത്തിൽ പുകയില ഉപയോഗം കുറയുന്പോഴും ജില്ലകളിൽ വയനാട്, ഇടുക്കി ജില്ലകൾ അപകടകരമായ അവസ്ഥയിലാണെന്നും സർവ്വേ സൂചിപ്പിക്കുന്നു. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ഇവിടുത്തെ അവസ്ഥ.
സ്ത്രീകൾ 10.6ശതമാനവും പുരുഷൻമാർ 26 ശതമാന ഉപയോഗിക്കുന്നത്. പാലക്കാട് 13.8 ശതമാനമാണ് പുകയില ഉപയോഗം. ഇതിൽ സ്ത്രീകൾ 5.1 ശതമാനമാണ് ഉപയോഗിക്കുന്നത്.
മലപ്പുറം, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പുകയില കുറവ് ഉപയോഗിക്കുന്നത്. മലപ്പുറത്തു ഏഴുശതമാനവും കണ്ണൂരിൽ 7.3 ശതമാനവും തിരുവനന്തപുരത്ത് 7.9 ശതമാനവുമാണ് പുകയില ഉപയോഗം.
ദേശീയ കുടുംബ ആരോഗ്യ സർവ്വേ പഠിക്കാനും പുകയില ഉപയോഗം കുറച്ചു കൊണ്ടു വരുവാനുമുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു കേരള വോളന്ററി ഹെൽത്ത് സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു വി ഇട്ടി വ്യക്തമാക്കുന്നു.
പുകയില നിയന്ത്രണ പരിപാടികൾ നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കാത്തതാണ് പരാജയകാരണം. വയനാട്, ഇടുക്കി, പാലക്കാട് പോലുള്ള ജില്ലകളിലെ ആദിവാസിമേഖലകളിൽ പുകയില ഉപയോഗം കൂടുതലാണെന്നും പുകയില ഉപയോഗിച്ചുള്ള മുറുക്ക് യുവാക്കളിലാണ് കൂടുതലായി കണ്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വന്ധ്യത, കാൻസർ, പക്ഷാഘാതം , പ്രമേഹം, രക്തസമർദം എന്നിവയ്ക്ക് കാരണമാവുന്ന പുകയില ഉപയോഗം സ്ത്രീകളിൽ വർധിക്കുന്നത് കേരളത്തിന്റെ പൊതുജനാരോഗ്യ നേട്ടങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.