സ്വന്തം ലേഖകന്‍
കോഴിക്കോട്: ദുബായില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ കുന്നമംഗലം സ്വദേശിയെ താമരശേരി ചുരത്തില്‍വച്ച് കാര്‍ ആക്രമിച്ച് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോകുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ മാഫിയ സംഘങ്ങളെന്ന് പോലീസിന് സൂചന ലഭിച്ചു.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് കസ്റ്റംസിന് കൈമാറി.സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതായിരിക്കും നല്ലതെന്നാണ് പോലീസ് പറയുന്നത്.
തട്ടികൊണ്ടുപോകപ്പെട്ട ആള്‍ക്കോ മറ്റുള്ളവര്‍ക്കോ പരാതിയില്ല. മാത്രമല്ല ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വരെ ഉള്‍പ്പെട്ട സ്വര്‍ണക്കടത്തു മാഫിയയാണ് ഇതിന് പിന്നില്‍. ഈ സാഹചര്യത്തിലാണ് താമരശേരി പോലീസ് റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറിയത്.
സ്വര്‍ണം കൊണ്ടുവന്നശേഷം അത് നല്‍കാതെ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ക്വട്ടേഷന്‍സംഘം യുവാവിനെ പൊക്കിയത്.
സംഭവത്തില്‍ തട്ടിക്കൊണ്ടുപോയശേഷം വിട്ടയക്കപ്പെട്ട കുന്ദമംഗലം സ്വദേശിയായ യുവാവ് ഉള്‍പ്പെടെ ആരും പരാതിയുമായി രംഗത്തെത്താത്തതിനാല്‍ പോലീസ് കേസ് എടുത്തിട്ടില്ല.
എന്നാല്‍ യുവാവിന്റെകൂടി അറിവോടെയാണ് ബംഗളൂരുവിലേക്ക് സ്വര്‍ണം മറിച്ചുകടത്താന്‍ ശ്രമിച്ചതെന്നും അനധികൃത ഇടപാടിന് ഏല്‍പ്പിച്ചവര്‍ നിയോഗിച്ചസംഘം കാര്‍തടഞ്ഞ് സ്വര്‍ണം വീണ്ടെടുക്കുകയായിരുന്നെന്നുമാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് താമരശേരി ചുരം രണ്ടാം വളവില്‍വച്ച് ഇന്നോവ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച്, വെള്ള സ്വിഫ്റ്റ് കാറില്‍ പിന്തുടര്ന്നെത്തിയ സംഘം യുവാവിനെ കടത്തിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടപോയെന്ന് പറയപ്പെട്ട ആള് പിന്നീട് സ്റ്റേഷനിലെത്തുകയും സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലെന്നറിയിക്കുകയും ചെയ്തതോടെ ഒരു ദിവസത്തോളം നീണ്ട പോലീസിന്റെ അന്വേഷണവും അവസാനിച്ചു.