തൃശൂർ: നൂറിലേറെ തവണ രക്തദാനം നടത്തി വിദ്യാർഥികളിലും രക്ഷാകർത്താക്കളിലും വിദ്യയോടൊപ്പം മാനവികതയുടെ പാഠങ്ങൾ കൂടി പകർന്നു നൽകിയ വിൻസെന്റ് മാഷ് സ്കൂളിന്റെ പടിയിറങ്ങി.
വിരമിക്കൽ ദിവസമായ ഇന്നലെ 117-ാമത്തെ തവണ രക്തദാനം നിർവഹിച്ചാണ് പറപ്പൂർ സെന്റ് ജോണ്‍സ് എൽപി സ്കൂളിലെ പി.ഡി. വിൻസെന്റ് പടിയിറങ്ങിയത്.
ജന്മനാട്ടിലെ നിർധന കുടുംബത്തിന് വീടു വെയ്ക്കാൻ തന്റെ റിട്ടയർമെന്റ് ആനുകൂല്യത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ മാറ്റി വെച്ചുമാണ് മാഷിന്റെ വിടവാങ്ങൽ.
നൂറിലധികം തവണ രക്തദാനം നിർവഹിച്ചതിന് കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗണ്‍സിലിന്റെ പ്രത്യേക പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
തോളൂർ ഗ്രാമവികസന സമിതിയുടെ പ്രസിഡന്റെന്ന നിലയിൽ സ്കൂളിലെ മാത്രമല്ല പഞ്ചായത്തിലെ നൂറുകണക്കിനു വിദ്യാർഥികൾക്കു സുപരിചതനാണ് അദ്ദേഹം.
പറപ്പൂർ സ്കൂളിനെ ഇന്നു കാണുന്ന രീതിയിൽ ആധുനികമാക്കിയെടുക്കുന്നതിനും അദ്ദേഹത്തിന്റെ സംഭാവനകൾ ഉണ്ടായിട്ടുണ്ട്.