കോട്ടയം: പരിശോധനകൾ നിലച്ചതോടെ വീണ്ടും ജില്ലയിലെ വിവിധ ബേക്കറികളിലും റെസ്റ്ററന്റുകളിലും ഷവർമ കച്ചവടം തകൃതിയായി.
കഴിഞ്ഞ മാസം ആദ്യം കാസർഗോഡ് ഷവർമ കഴിച്ചയാൾ മരണപ്പെടുകയും കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഷവർമ കഴിച്ചവർക്കു ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തതോടെയാണ് വ്യാപകമായ തോതിൽ ഷവർമ്മ കടകളിൽ പരിശോധനകൾ ആരംഭിച്ചത്.
ഇതോടെ കടകളിൽ ഷവർമ കച്ചവടം നിർത്തിവച്ചിരുന്നു. ബാർബിക്യു, അൽഫാം ഉൾപ്പെടെയുള്ളവയുടെ കച്ചവടത്തെയും ഇതു ബാധിച്ചിരുന്നു.
ദിവസങ്ങൾ കഴിഞ്ഞതോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ നിലയ്ക്കുകയും ആളുകൾ ഷവർമയുടെ വില്ലൻ പരിവേഷം മറക്കുകയും ചെയ്തതോടെയാണ് വീണ്ടും കച്ചവടം പൊടിപൊടിക്കുന്നത്.
ഓണ്‍ലൈൻ വ്യാപാരവും വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
സൂക്ഷിക്കുക, അപകടം വിളിച്ചുവരുത്തരുത്
ഷവർമ കഴിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവർത്തകർക്കു നല്‍കാനുള്ളത്. രുചിയേറെ ആണെങ്കിലും അപകട സാധ്യതയാണ് ഷവർമയ്ക്കു തിരിച്ചടിയാകുന്നത്.
മയോണൈസും ഇറച്ചിയുമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. സൂക്ഷ്മമായും വൃത്തിയോടെയും വേണം ഷവർമ പാചകം ചെയ്യാൻ.
ഇതു പലയിടത്തും നടക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. തുറസായ സ്ഥലങ്ങളിൽ പൊടിയടിക്കുന്ന സാഹചര്യത്തിലാണ് പലരും ഷവർമ പാചകം ചെയ്യുന്നത്.
പഴകിയ മയോണൈസ് വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. ഇതു കൂടാതെ വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഇറച്ചിയും മസാലയും തയാറാക്കുന്നത്.
പരിശോധകൾ തുടരണമെന്നും വൃത്തിഹീനമായി പ്രവർത്തിക്കുന്ന കടകൾക്കെതിരേ നടപടിയും സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.