കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
കേസിലെ ദൃശ്യങ്ങളിലെ ശബ്ദവും അനൂപിന്റെ ഫോണില്‍ നിന്നു ലഭിച്ച ശബ്ദവും ഒത്തുനോക്കണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം.
ദൃശ്യങ്ങള്‍ കൈയിലുള്ള ഒരാള്‍ പറയുന്നതു പോലെയാണ് അനൂപിന്റെ ഫോണിലുള്ള വിവരണങ്ങളെന്നും ഇത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രോസിക്യുഷന് വ്യക്തമാക്കി.
ദൃശ്യങ്ങള്‍ ചോര്‍ന്ന വിധം ഇതില്‍ നിന്ന് അറിയാനാകുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചില്ല.
റിപ്പോര്‍ട്ട് മേയ് 31ന് മുന്‍പ് സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടരന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേസ് ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരിക്കുകയാണെന്നും പ്രോസിക്യുഷന് കോടതിയില്‍ അറിയിച്ചു.
തുടരന്വേഷണ ഹര്‍ജി ഇന്നു പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം തേടി സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു വാദം കേള്‍ക്കാന്‍ മാറ്റി.
പ്രോസിക്യൂഷന് ആവശ്യപ്പെട്ടതനുസരിച്ചാണ് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. തുടരന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ടു നല്കാന് ഹൈക്കോടതി അനുവദിച്ചിരുന്ന സമയം മേയ് 30ന് അവസാനിച്ചിരുന്നു.
ശേഖരിച്ച തെളിവുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ദിലീപ് ഉള്‍പ്പെടെ പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് ശേഖരിച്ച തെളിവുകളുടെ പരിശോധന ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ മൂന്നു മാസം കൂടി സയം തേടിയത്.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നതിനെക്കുറിച്ച് ഫോറന്‍സിക് പരിശോധന നടത്തണമെന്നും ഇതിനായി ഹര്‍ജി നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.