എരുമേലി: രേവതിയുടെ വിജയത്തിനു സ്വർണത്തിളക്കം. നാടിനും കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കും അഭിമാനം നിറച്ച് യോഗയിൽ രണ്ടാമതും സ്വർണ മെഡൽനേടി മിന്നുന്ന വിജയമാണ് രേവതി നേടിയിരിക്കുന്നത്.
എരുമേലി വെണ്‍കുറിഞ്ഞി എസ്എൻഡിപി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മണിപ്പുഴ ചെന്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ്-രാജി ദന്പതികളുടെ മകളാണു രേവതി.
2019-ൽ ദില്ലിയിൽ നടന്ന ദേശീയ യോഗ ഒളിന്പ്യാഡിൽ രേവതിക്കു ദേശീയ തലത്തിൽ ആദ്യ സ്വർണ മെഡൽ ലഭിച്ചു. ഇക്കഴിഞ്ഞ 30നു തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗ ഒളിന്പ്യാഡിലാണ് രേവതി വീണ്ടും ഒന്നാം സ്ഥാനം നേടിയത്.
കേരളത്തിലെ 14 ജില്ലകളിൽ നിന്നു 16 അംഗ ടീമുകളായാണ് മത്സരാർഥികൾ ഇക്കഴിഞ്ഞ 30ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗ ഒളിന്പ്യാഡിൽ പങ്കെടുത്തത്.
ഇവരിൽ രേവതി ഉൾപ്പടെയുള്ള വിജയികൾക്ക് ഇനി 22നു ഡൽഹിയിൽ നടക്കുന്ന ദേശീയ യോഗ ഒളിന്പ്യാഡിൽ പങ്കെടുക്കാം.
യോഗയിലുള്ള കഠിനപരിശ്രമമാണ് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള രേവതിയുടെ വിജയത്തിനു പിന്നിലെന്ന് പരിശീലകയായ സ്കൂളിലെ യോഗ അധ്യാപിക റെജിമോൾ പറഞ്ഞു.