തൃശൂർ: നഗരത്തിലെ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടിയെ കാണാതായതു പരിഭ്രാന്തി പരത്തി. പോലീസ് ഉണർന്നു പ്രവർത്തിച്ചതോടെ മിനിറ്റുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തിയത് ആശ്വാസമായി.
കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ മാതാപിതാക്കൾ സ്കൂളിലെത്തിയിരുന്നു.കുട്ടിയെ ക്ലാസിൽനിന്നു വിളിച്ച് വാഹനത്തിന്റെ അടുത്തെത്തുകയും ചെയ്തു.
അപ്പോഴാണ് വീടിനടുത്തുള്ള മുതിർന്ന കുട്ടികൾ കുട്ടിയെ കൊണ്ടുപോകാമെന്നു പറഞ്ഞത്. ഇതോടെ മാതാപിതാക്കൾ തങ്ങളുടെ മൂത്തകുട്ടി പഠിക്കുന്ന മറ്റൊരു സ്കൂളിലേക്കു പോയി, കുട്ടിയെ വാഹനത്തിൽ കയറ്റിവിട്ടു.
വീട്ടിലേക്കു തിരിച്ചുപോകുന്ന വഴി, ചെറിയകുട്ടി വാഹനത്തിൽ കയറിപ്പോയോ എന്ന് ഉറപ്പുവരുത്താനായി നോക്കിയപ്പോഴാണ് കുട്ടിയെ ഏല്പിച്ച മുതിർന്ന കുട്ടികൾ അവിടെ വിഷമിച്ചു നിൽക്കുന്നതു കണ്ടത്.
കുട്ടി അവരുടെ കൈവിട്ട് ഓടിപ്പോയെന്നു കേട്ട് അച്ഛനും അമ്മയും പരിഭ്രത്തിലായി. സ്കൂളിലേക്കു കുട്ടികളെ കൊണ്ടുവന്ന വാഹനങ്ങൾ എല്ലാം തിരിച്ചുപോയിരുന്നു.
ഉടൻ വിവരം പോലീസ് സിറ്റി കണ്ട്രോൾ റൂമിൽ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം നഗരത്തിലെ പട്രോളിംഗ് വാഹനങ്ങളിലേക്കു കൈമാറി.
കണ്ട്രോൾ റൂം വാഹനത്തിൽ പോലീസുദ്യോഗസ്ഥർ സ്കൂളിനടുത്തെത്തി. സ്കൂളിലേക്കു സർവീസ് നടത്തുന്ന വാഹന ഡ്രൈവർമാരെ ഫോണി ൽ ബന്ധപ്പെട്ടു.
അധ്യയന വർഷത്തിലെ ആദ്യദിനമായതുകൊണ്ട് പല ഡ്രൈവർമാർക്കും അവരുടെ വാഹനത്തിൽ വരുന്ന കുട്ടികളെ കാര്യമായ പരിചയമുണ്ടായിരുന്നില്ല.
ഡ്രൈവർമാരോട് അവരവരുടെ വാഹനത്തിലുള്ള കുട്ടികളെ പരിശോധിക്കാൻ പോലീസ് നിർദേശിച്ചു.ഒടുവിൽ, നഗരത്തിൽനിന്നു പത്തു കിലോമീറ്റർ അകലെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു വാഹനത്തിൽ പോലീസുദ്യോഗസ്ഥർ പറഞ്ഞ അടയാളങ്ങളുള്ള ഒരു കുട്ടിയുണ്ടെന്ന് ഡ്രൈവർ വിവരംനൽകി.
വാഹനം അവിടെ നിർത്തിയിടാൻ പറഞ്ഞ പോലീസുദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനൊപ്പം അവിടെയെത്തി. തനിക്കു പോകാനുള്ള വാഹനമാണെന്നു കരുതി, സ്കൂളിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കുട്ടി അറിയാതെ കയറുകയായിരുന്നു.
കുട്ടിയെ കാണാതായെന്നറിഞ്ഞ് നിമിഷ നേരംകൊണ്ട് സ്ഥലത്തെത്തിയ കണ്ട്രോൾ റൂം പോലീസുദ്യോഗസ്ഥർ, പിങ്ക് പോലീസ് പട്രോൾ ടീം എന്നിവരുടെ ആത്മാർഥ പരിശ്രമഫലമായാണ് കുട്ടിയെ കണ്ടെത്തിയത്.