തൃശൂർ: ഇദ്ദേഹം തൃശൂർക്കാരനാണോ... ബോളിവുഡ് ഗായകൻ കെകെയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ, അദ്ദേഹം തൃശൂർക്കാരനാണെന്നു മനസിലായപ്പോൾ അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെട്ടവർവരെ അത്ഭുതത്തോടെ ചോദിച്ച ചോദ്യമായിരുന്നു ഇത്..
മഹാനഗരങ്ങളിൽ സംഗീതത്തിന്റെ ലോകത്ത് ആസ്വാദക ഹൃദയങ്ങളെ കവർന്ന് പുതിയ ഉയരങ്ങളിലേക്കു കുതിക്കുന്പോഴും കെ.കെ. എന്ന സംഗീതജ്ഞന് മേളവും പഞ്ചവാദ്യവും പെയ്തിറങ്ങുന്ന തന്റെ തൃശൂർ എക്കാലവും പ്രിയപ്പെട്ട നഗരമായിരുന്നു.
പാടിത്തളരുന്പോൾ തല ചായ്ക്കാനുള്ള പ്രിയങ്കരിയായ നഗരം. ഇവിടെ കെ.കെയ്ക്ക് വളരെ അടുത്ത കൂട്ടുകാർ ഉണ്ടായിരുന്നു. അന്യനാട്ടിൽ ജനിച്ചു വളരുന്പോഴും മനസുകൊണ്ട് തനി തൃശൂർക്കാരനായിരുന്നു ബോളിവുഡ് ഗായകൻ കെ കെ.
സംഗീതം പോലെ തന്നെ അദ്ദേഹത്തെ കീഴടക്കിയതു തൃശൂരിലെ സൗഹൃദങ്ങളും സംഗീതം ഇഷ്ടപ്പെടുന്ന കൂട്ടുകാരും ആയിരുന്നു.
കൃഷ്ണകുമാർ എന്ന കെ.കെ. ഏതു തിരക്കിലും പൂരനാടിനെ നെഞ്ചോടുചേർത്ത ഒരു തനി തൃശൂർക്കാരൻ ആയിരുന്നു. രണ്ടു വർഷത്തെ ഇടവേളകളിൽ കൃത്യമായി നാട്ടിലെത്തിയിരുന്നു.
കോവിഡ് കാലത്തു മാത്രമാണ് യാത്ര മുടങ്ങിയത്. തൃശൂരിലെത്തിയാൽ കൂട്ടുകാരെ കാണും പോലെ ബന്ധുക്കളെ കാണാനും സമയം കണ്ടെത്തിയിരുന്നു.
കുടുംബകൂട്ടായ്മയിലും അദ്ദേഹം മുന്നിൽ ഉണ്ടാകുമായിരുന്നുവെന്ന് ബന്ധുക്കൾ ഓർക്കുന്നു.തൃശൂർ നഗരത്തിൽ കുന്നത്തു ലൈനിലെ കുന്നത്ത് വീട് ബോളിവുഡിനെ കോരിത്തരിപ്പിച്ച ഈ ഗായകന്റെ വീടായിരുന്നു എന്നത് പലരും അറിഞ്ഞത് ഇപ്പോൾ മാത്രം.
അച്ഛന്റെ ജോലി ഡൽഹിയിൽ ആയതിനാൽ ജനിച്ചതും പഠിച്ചതുമെല്ലാം അവിടെ ആയിരുന്നു. എങ്കിലും പറഞ്ഞുകേട്ട അച്ഛന്റെ നാട് പിന്നെ കെ. കെ.യുടെ പ്രിയ നാടായി മാറി.
കുറച്ചു തിരക്കുണ്ട് അതു കഴിഞ്ഞാൽ വേഗം എത്താമെന്നു കൂട്ടുകാർക്കും ബന്ധുക്കൾക്കും വാക്കുകൊടുത്താണ് സംഗീത പരിപാടികളുമായി തൃശൂരിൽ നിന്നു പോയത്..
പക്ഷേ ഇനിയൊരിക്കലും പാട്ടും കളിയും ചിരിയുമായി തങ്ങളുടെ പ്രിയപ്പെട്ട കെ.കെ. തൃശൂരിലേക്ക് വരില്ല എന്ന സത്യം തിരിച്ചറിയുന്പോൾ പ്രിയപ്പെട്ടവരെല്ലാം കണ്ണീർ വാർക്കുന്നു…