ആലപ്പുഴ: ചേർത്തലയിൽ മേയ് 26ന് ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്.
കൊല്ലം സ്വദേശിനി ഹെനയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
ആറ് മാസം മുൻപായിരുന്നു ഹെന-അപ്പുക്കുട്ടൻ ദമ്പതികളുടെ വിവാഹം നടന്നത്. മാനസികപ്രശ്നങ്ങൾ അലട്ടിയിരുന്ന യുവതിയെ വൻ തുക സ്ത്രീധനം വാങ്ങിയാണ് അപ്പുക്കുട്ടൻ വിവാഹം കഴിച്ചത്.
എന്നാൽ വിവാഹത്തിന് ശേഷം കൂടുതൽ പണം ഇയാൾ യുവതിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു.
വീട്ടുകാർ വഴങ്ങാതെ വന്നതോടെ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതും പതിവായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
മേയ് 26ന് കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പിന്നാലെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു.
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരാണ് സംഭവം കൊലപാതകമാണെന്ന സംശയം പോലീസിനെ അറിയിച്ചത്.
ഇതോടെ പോലീസ് രഹസ്യമായി അന്വേഷണം തുടങ്ങി. ബുധനാഴ്ച പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭർത്താവ് അപ്പുക്കുട്ടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.