കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രമുഖ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിനെ രക്ഷിക്കാമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഡോക്ടര്‍ പറഞ്ഞു.
കൃത്യസമയത്ത് പ്രാഥമിക ചികിത്സ (സിപിആര്‍) നല്കാന് കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്.
കെകെയുടെ ഹൃദയത്തില്‍ ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ടായിരുന്നുവെന്നും തലച്ചോറിലേക്കുള്ള ഓക്സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയും (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍ സിപിആര്‍) ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നുമാണ് ഡോക്ടറുടെ ഭാഷ്യം.
ഹൃദയ ധമനികളില്‍ പലയിടങ്ങളിലും ബ്ലോക്കുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്.
പക്ഷേ, ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിമിത്തമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു കെകെ. മാത്രമല്ല, കെകെ വളരെയധികം ആന്റാസിഡ് മരുന്നുകള്‍ കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പൊതുവെ ഉപയോഗിക്കുന്ന മരുന്നാണിത്. കെകെയുടെ മരണത്തിനു പിന്നാലെ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ആന്റാസിഡുകള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
കൊല്‍ക്കത്തയിലെ സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ കെകെയ്ക്ക് ഹൃദയാഘാതമുണ്ടാകാന്‍ കാരണമായിരിക്കാമെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
സംഗീതനിശ നടന്ന നസറുല്‍ മഞ്ച സ്റ്റേഡിയത്തില്‍ എയര്‍ കണ്ടീഷനര്‍ വേണ്ടപോലെ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കടുത്ത ചൂടില്‍ ഒരു മണിക്കൂറിലധികം പാടിയ ശേഷം ഗായകന് മടങ്ങുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
പരിധിയില്‍ കവിഞ്ഞ് ആളുകളെ കുത്തിനിറച്ച ഓഡിറ്റോറിയത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫയര്‍ എസ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ചതായും ആരോപണമുണ്ട്.
കെകെ വളരെയധികം ആന്റാസിഡുകള്‍ ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും വെളിപ്പെടുത്തിയിട്ടുണ്ട്.
കൈകള്‍ക്കും തോളിനും വേദനയുണ്ടെന്ന് മരണത്തിനു മുന്‍പ് വിളിച്ചപ്പോള്‍ കെകെ ഭാര്യയോടു പറഞ്ഞിരുന്നു.
സംഭവത്തില്‍ കൊല്‍ക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഹോട്ടലില്‍ ഫൊറന്‍സിക് പരിശോധന നടത്തിയ സംഘം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ചു. ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ കെകെ താമസിച്ചിരുന്ന ഒബ്റോയി ഗ്രാന്‍ഡ് ഹോട്ടലില്‍ കുഴഞ്ഞു വീണു മരിച്ചത്.
തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായ കെകെ (53) ഡല്‍ഹിയിലാണ് ജനിച്ചു വളര്‍ന്നത്.
ബാല്യകാലസഖി ജ്യോതിയാണു ഭാര്യ. മകന് നകുല്‍ കെകെയുടെ ആല്‍ബമായ ഹംസഫറില്‍ പാടിയിട്ടുണ്ട്. മകള്‍ താമര.